Skip to main content

വികസന പൂരത്തിന് കൊടിയിറങ്ങുന്നു  'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് (ഏപ്രില്‍ 24) സമാപനം 

സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം   വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് (ഏപ്രില്‍ 24 )   തിരശീല വീഴും. തേക്കിന്‍കാട് മൈതാനം-വിദ്യാര്‍ത്ഥി കോര്‍ണറില്‍ കഴിഞ്ഞ ആറ് ദിവസമായി  തുടരുന്ന വികസനപൂരക്കാഴ്ചകൾക്കാണ് ഇന്ന് സമാപനം കുറിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവർഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാക്യഷ്ണൻ നിർവഹിക്കും. റവന്യൂ മന്ത്രി അഡ്വ.കെ രാജന്‍ ചടങ്ങിൽ പങ്കെടുക്കും. മേള നടന്ന ദിവസങ്ങളില്‍ എല്ലാ വൈകുന്നേരങ്ങളിലും സംഗീത,  കലാപരിപാടികള്‍ പൂരനഗരിയെ ആവേശത്തിലാഴ്ത്തി. അഞ്ച് മുതല്‍ ആറ് മണി വരെയും ഏഴ് മണിക്കു ശേഷവുമുള്ള രണ്ട് സെഷനുകളിലായാണ് പരിപാടികള്‍ നടന്നത്. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള പ്രമുഖ കലാ സംഘങ്ങളാണ് എന്റെ കേരളം അരങ്ങിലെത്തിയത്. മേളയുടെ അവസാന ദിവസമായ ഇന്ന് സൗപര്‍ണിക തിരുവനന്തപുരത്തിന്റെ നാടകം ഇതിഹാസം വേദിയിലെത്തും. നൂറോളം കൊമേഷ്സ്യല്‍ സ്റ്റാളുകള്‍ ഉള്‍പ്പെടെ 180 ലേറെ സ്റ്റാളുകളാണ് മേളയില്‍ ഉണ്ടായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും  സ്ഥാപനങ്ങളുടെയും കീഴിലുള്ള ഉല്‍പ്പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പ്പന്നങ്ങളുമാണ് പ്രദര്‍ശനത്തിനും വിപണനത്തിനുമായി എത്തിയത്. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന തീം സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളും മേളയുടെ ഭാഗമായി. അക്ഷയയുടെ ആധാര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍, ജീവിതശൈലീ രോഗങ്ങളുടെ പരിശോധന, മണ്ണ്, ജല പരിശോധന, പാല്‍, ഭക്ഷ്യ സാധനങ്ങളുടെ സാമ്പിളുകള്‍ എന്നിവയുടെ പരിശോധന, ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, കരിയര്‍ ഗൈഡന്‍സ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കൗണ്‍സലിംഗ്, ചെറിയ കുട്ടികളിലെ ഭിന്നശേഷി നിര്‍ണയ പരിശോധന തുടങ്ങിയവയാണ് യൂട്ടിലിറ്റി സ്റ്റാളുകളില്‍ ലഭിച്ച സൗജന്യ സേവനങ്ങള്‍. ഇതിനു പുറമെ, ദുരന്ത നിവാരണം, സ്വയം പ്രതിരോധം എന്നിവയുടെ ഡെമോകളും സുരക്ഷിത വൈദ്യുതി, വാതക ഉപയോഗം, ലഹരി വിമുക്തി തുടങ്ങിയവയെ കുറിച്ചുള്ള ബോധവല്‍ക്കരണവും മേളയില്‍ നടന്നു.  മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിശാലമായ ഫുഡ്കോര്‍ട്ടും ഒരുങ്ങിയിരുന്നു.

date