Skip to main content

മലയോര ഹൈവേ: നടപടികള്‍ വേഗത്തിലാക്കാന്‍ പരിശോധന തുടരുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

മലയോര ഹൈവേ നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കാന്‍ പരിശോധന തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രവൃത്തിയുടെ പുരോഗതി അതത് സമയം പരിശോധിക്കും. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കൂട്ടായ ശ്രമമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര ഹൈവേ വികസനത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തലം വരെ നിര്‍മാണ പ്രവൃത്തി പുരോഗതി പരിശോധിക്കാന്‍ എം.എല്‍.എമാര്‍ മുന്‍കൈയെടുക്കും. മലപ്പുറം ജില്ലയില്‍ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലൂടെ മൂന്നു റീച്ചുകളിലായി 52.51 കിലോമീറ്റര്‍ നീളത്തിലാണ് മലയോര ഹൈവേ കടന്നുപോകുന്നത്. മൂന്നു റീച്ചുകളുടെയും ഡി.പി.ആര്‍ പൂര്‍ത്തിയായി. 41.51 കിലോമീറ്റര്‍ പ്രവൃത്തിയുടെ ധനാനുമതിയും 8.70 കിലോമീറ്റര്‍ പ്രവൃത്തിയുടെ സാങ്കേതികാനുമതിയും ലഭിച്ചു. 8.70 കിലോമീറ്റര്‍ പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറായി. കോഴിക്കോട് ജില്ലയില്‍ നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി  മണ്ഡലങ്ങളിലൂടെ ആറു റീച്ചുകളിലായി 115 കിലോമീറ്റര്‍ നീളത്തിലാണ് മലയോര ഹൈവേ കടന്നുപോകുന്നത്. ഇതില്‍ 100.47 കിലോമീറ്റര്‍ പ്രവൃത്തിയുടെ ഡി.പി.ആര്‍ പൂര്‍ത്തിയായി. 79.79 കിലോ മീറ്ററിന്റെ ധനാനുമതിയും 57.34 കിലോമീറ്ററിന്റെ സാങ്കേതികാനുമതിയും ലഭിച്ചു. 35.35 കിലോമീറ്റര്‍ നിര്‍മാണ പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ വെച്ചതായും മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. 3500 കോടി രൂപ ചെലവഴിച്ച്  കാസര്‍കോട് നന്ദരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ ആകെ 1251 കിലോമീറ്റര്‍ നീളത്തിലാണ് മലയോരഹൈവെ നിര്‍മിക്കുന്നത്.  യോഗത്തില്‍ എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, എ.പി അനില്‍കുമാര്‍, ലിന്റോ ജോസഫ്, പി.കെ ബഷീര്‍, സച്ചിന്‍ദേവ്, മലപ്പുറം കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍,   കോഴിക്കോട് കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാര്‍, ജോയിന്റ് സെക്രട്ടറി എസ് സാംബശിവറാവു, ഇരു ജില്ലകളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date