Skip to main content

താങ്ങും തണലുമായി പുനര്‍ഗേഹം പദ്ധതി:

കടലിന്റെ മക്കള്‍ക്ക് അന്തിയുറങ്ങാന്‍ ജില്ലയില്‍
സര്‍ക്കാര്‍ ഒരുക്കിയത് 128 സുരക്ഷിത സ്‌നേഹഭവനങ്ങള്‍

രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എപ്പോള്‍ വേണമെങ്കിലും കുടിലുകള്‍ കടലെടുക്കുമെന്ന ഭീതിയിലും ആശങ്കയിലുമായിരുന്നു ജില്ലയില്‍ പലയിടത്തും മത്സ്യത്തൊഴിലാളികളുടെ ജീവിതം. എന്നാലിന്ന് ആ സ്ഥിതി ഏറെക്കുറെ മാറി. കടലിനോട് മല്ലിട്ട് ജീവിതം തള്ളിനീക്കിയിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കിയ ' പുനര്‍ഗേഹം' പദ്ധതിയിലൂടെ പൊന്നാനിയില്‍ മാത്രം 12.80 കോടി രൂപ വിനിയോഗിച്ച് 108 സുരക്ഷിത സ്‌നേഹഭവനങ്ങള്‍ (ഫ്്‌ളാറ്റ് സമുച്ചയം) നിര്‍മിച്ചു നല്‍കി. രണ്ട് ബെഡ് റൂം, ലിവിങ് റൂം, അടുക്കള, ഡൈനിങ് ഹാള്‍, ബാത്ത് റൂം എന്നീ സൗകര്യങ്ങളാണ് ഓരോ ഫ്‌ളാറ്റിലും് ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യവും മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കാനും സൗകര്യമുണ്ട്. പൊന്നാനി ഹാര്‍ബര്‍ പ്രദേശത്തെ രണ്ടേക്കറില്‍ 16 ബ്ലോക്കുകളിലായി 530 സ്‌ക്വയര്‍ ഫീറ്റിലാണ് ഫ്‌ളാറ്റ് സമുച്ചയം. ജില്ലാ തല അപ്രൂവല്‍ കമ്മിറ്റി അംഗീകരിച്ച 108 കുടുംബങ്ങളാണ് നിലവില്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം പണിത പുതിയ ഭവനങ്ങളിലേക്ക് താമസം മാറിയത്.
മറ്റുള്ളവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സമര്‍പിക്കുന്നതോടെ ഭവനങ്ങളുടെ താക്കോല്‍ കൈമാറും.

നിറമരുതൂരില്‍ ഭവന നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്. തീരദേശത്ത്  സര്‍വേ നടത്തി വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുളളില്‍ താമസിക്കുന്നവരെ കണ്ടെത്തി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊന്നാനിയില്‍ 13.35 കോടി രൂപ ചെലവില്‍ 100 ഫ്‌ളാറ്റുകള്‍ കൂടി നിര്‍മിക്കുന്നതിന്  ഭരണാനുമതി ലഭിച്ചാല്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്ണ്യാലില്‍ 1.99 ലക്ഷം രൂപ ചെലവില്‍  16 ഫ്‌ളാറ്റുകള്‍ പണിയുന്നതിനായി  ഭരണാനുമതി ലഭിച്ചതായും  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ചിത്ര പറഞ്ഞു.ജില്ലയിലാകെ 1806 കുടുംബങ്ങളെയാണ് സര്‍വെയിലൂടെ പദ്ധതിയില്‍ പരിഗണിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ളത് .ഇവരില്‍ മാറി താമസിക്കാന്‍  സമ്മതം അറിയിച്ച 1143 ഗുണഭോക്താക്കളെ ജില്ലാതല അപ്രൂവല്‍ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. ഇവരില്‍ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തിയ 341 ഗുണഭോക്താക്കളുടെ ഭൂമിയുടെ വില നിര്‍ണയം ജില്ലാതല മോണിറ്ററിങ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.  ഇതില്‍ 157 ഗുണഭോക്താക്കള്‍ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിച്ച് ധനസഹായം കൈപ്പറ്റിയിട്ടുണ്ട്. 150 കുടുംബങ്ങള്‍ ഭവന നിര്‍മാണത്തിന്റെ ആദ്യ ഘട്ടവും 111 കുടുംബങ്ങള്‍ രണ്ടാം ഘട്ടവും 87 കുടുംബങ്ങള്‍ മൂന്നാം ഘട്ടവും പ്രവൃത്തി പൂര്‍ത്തീകരിച്ചു. നിലവില്‍ തീരദേശ വേലിയേറ്റ രേഖയില്‍  50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരും ഫിഷറീസ് വകുപ്പ് തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും ഉണ്ടെങ്കില്‍ ജില്ലാതല അപ്രൂവല്‍ കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി വ്യത്യസ്ത ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കാവുന്നതാണെന്ന് മാര്‍ഗ്ഗരേഖയില്‍ പറയുന്നുണ്ട്. 2018-19 മുതല്‍ 2021-22 വരെയുളള മൂന്ന് വര്‍ഷ കാലയളവിനുള്ളില്‍ സുരക്ഷിത മേഖലയിലേക്ക് മാറാന്‍ സന്നദ്ധത അറിയിച്ച മുഴുവന്‍ പേരെയും പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
 

date