Skip to main content

സജീവമായി മാതൃകബാല ലൈബ്രറികള്‍: പദ്ധതിയുടെ ഭാഗമായത് 30 ഗ്രന്ഥശാലകള്‍

കുട്ടികളില്‍ വായനശീലം വളര്‍ത്തുന്നതിനായി കുടുംബശ്രീ ജില്ലാമിഷനും ജില്ലാലൈബ്രറി കൗണ്‍സിലും ചേര്‍ന്ന്  ജില്ലയില്‍ മാതൃകബാല ലൈബ്രറികള്‍ തുടങ്ങി.  ജില്ലയിലെ 30 ഗ്രന്ഥശാലകള്‍ ഇതിനകം പദ്ധതിയുടെ ഭാഗമായി.  മാതൃക ലൈബ്രറികള്‍ ഒരുക്കുന്നതിന് കുടുംബശ്രീ ജില്ലാമിഷന്‍ അനുവദിച്ച ഒന്‍പത് ലക്ഷം രൂപ വിവിധ സി.ഡി.എസുകള്‍ മുഖേന 30,000 രൂപവീതം ലൈബ്രറികള്‍ക്ക് നല്‍കുകയായിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ഗ്രന്ഥശാല ഭാരവാഹികളും കുട്ടികളും കൂടിചേര്‍ന്ന് മാതൃകബാല ലൈബ്രറികളില്‍ വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്. പദ്ധതിപ്രകാരം അനുവദിച്ച പുസ്തകങ്ങളില്‍ 60 ശതമാനവും ബാലസാഹിത്യങ്ങളാണെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് പറഞ്ഞു. ഗ്രന്ഥശാലയില്‍ കുട്ടികള്‍ക്ക് സൗജന്യ അംഗത്വം നല്‍കും. അവധിക്കാലങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതിന് പ്രത്യേകപരിപാടികളും വായനാദിന ആഘോഷങ്ങളും വായനാ വാരാചരണവും
 നടത്തും. പഞ്ചായത്ത് തലത്തില്‍ സി.ഡി.എസും വാര്‍ഡ്തലത്തില്‍ എ.ഡി.എസുമാണ്  മാതൃകാബാല ലൈബ്രറികളുടെ നല്ല നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നത്.  

date