Skip to main content

സ്‌കൂളുകള്‍ കൂടുതല്‍ ഭിന്നശേഷി സൗഹൃദമാക്കും- മന്ത്രി വി. ശിവന്‍കുട്ടി

 

 

 

സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍, ടിങ്കറിങ് ലാബുകള്‍ ഉദ്ഘാടനം ചെയ്തു

സ്‌കൂളുകള്‍ കൂടുതല്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്നും ഇതിനായി പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സ്‌പെഷ്യല്‍ കെയര്‍ സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനവും ടിങ്കറിങ് ലാബുകളുടെ ജില്ലാതല ഉദ്ഘാടനവും ചാത്തമംഗലം ആര്‍.ഇ.സി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ജൂണ്‍ 15നകം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗത്ത് പഠിക്കുന്ന 47 ലക്ഷം വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ സജ്ജമാണ്. സംസ്ഥാനത്തെ 9,58,060 വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം സൗജന്യമായി വിതരണം ചെയ്യാന്‍ 120 കോടി രൂപയാണ് ചെലവഴിക്കുക. മികച്ച സൗകര്യമുള്ള സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ഒരുക്കിയ വിദ്യാലയങ്ങളില്‍ ഒന്നാണ് ആര്‍.ഇ.സി സ്‌കൂളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സമഗ്ര ശിക്ഷാ കേരളവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷി കുട്ടികള്‍ക്ക് പഠന പിന്തുണയും മാനസിക ഉല്ലാസവും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തൊഴില്‍ പരിശീലനവും ഉറപ്പുവരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റോബോട്ടിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സമൂഹനന്മക്കായി പുതിയ ഉപകരണങ്ങള്‍ രൂപകല്‍പന ചെയ്യാനും ക്ലാസ് റൂം പഠനത്തിനപ്പുറം കുട്ടികളുടെ അധിക കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഉതകുന്നതാണ് ടിങ്കറിംഗ് ലാബുകള്‍.

ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍. എ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എസ്.വൈ. ഷൂജ പദ്ധതി വിശദീകരണം നടത്തി.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുഷമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവദാസന്‍ നായര്‍, പഞ്ചായത്ത് അംഗം സബിത സുരേഷ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ അബ്ദുല്‍ ഗഫൂര്‍  സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുല്‍ ഹക്കീം നന്ദി പറഞ്ഞു.

date