Skip to main content

കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി ഇനി മിക്സ്ഡ് സ്കൂൾ

 

 

 

പുതിയതായി നിർമിച്ച ലാബ് - ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് -ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും  സ്കൂൾ മിക്സ്ഡ് ആക്കിയതിന്റെ പ്രഖ്യാപനവും വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി  നിർവഹിച്ചു. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല കഴിഞ്ഞ ആറ് വർഷമായി വലിയ മാറ്റത്തിനാണ്  സാക്ഷിയായതെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റമാണ് വരുത്തിയതെന്നും മന്ത്രി പറഞ്ഞു. കൊയിലാണ്ടി മണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി അനുവദിച്ച തുകയിൽ എം എൽ എ ഫണ്ട് ഉൾപ്പെടെ എട്ട് കോടിരൂപയാണ് വിദ്യാഭ്യാസ മേഖലക്ക് മാത്രമായി മാറ്റിവെച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുകോടി രൂപ ചെലവഴിച്ചാണ് മികച്ച സൗകര്യങ്ങളോടെ ലാബ് - ലൈബ്രറി കെട്ടിടം നിർമിച്ചത്.1921ൽ സ്ഥാപിതമായ ഡിസ്ട്രിക്ട് ബോർഡ് ഹൈസ്കൂൾ വിഭജിച്ച് 1961ൽ കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിന് രൂപം നൽകുകയായിരുന്നു. 2022-23 അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം നേടാനാകും. പുതുതായി സ്‌കൂളിന് അനുവദിച്ച എസ് പി സി യൂണിറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നിഹിതരായ ചടങ്ങിൽ നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് സ്വാഗതവും പ്രിൻസിപ്പൽ എ പി പ്രബീത് നന്ദിയും പറഞ്ഞു.

date