Skip to main content

വിദ്യാഭ്യാസ നിലവാരം അന്തര്‍ദേശീയതലത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍- മന്ത്രി വി. ശിവന്‍കുട്ടി 

 

 

 

കീഴൂര്‍ ഗവ. യു.പി സ്‌കൂളിൽ പുതിയ കെട്ടിടം പ്രവർത്തനസജ്ജമായി

സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം അന്തര്‍ദേശീയ തലത്തിലേക്ക് വളരാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ നമ്മുടെ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകും. ഇപ്പോള്‍ തന്നെ രാജ്യത്തെ മുന്തിയ ശ്രേണിയിലുള്ള വിദ്യാഭ്യാസ പ്രക്രിയയാണ് കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കീഴൂര്‍ ഗവ. യു.പി സ്‌കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒന്നേ കാല്‍ക്കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നാല് ക്ലാസ് മുറികളും, ഓഫീസ് മുറിയും, ശൗചാലയവുമുള്ള ഇരുനിലക്കെട്ടിടമാണ് പണിതത്. ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരന്‍ എം.പി. മുഖ്യാതിഥിയായി. 

കെട്ടിടം പണിയാന്‍ സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭ്യമാക്കാൻ പരിശ്രമിച്ച മുന്‍ എം.എല്‍.എ കെ. ദാസനെ ചടങ്ങില്‍ ആദരിച്ചു. 

സ്‌കൂളിന്റെ 112-ാം വാര്‍ഷികാഘോഷം പയ്യോളി നഗരസഭാ ചെയർമാന്‍ വടക്കയില്‍ ഷഫീഖ് ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകന്‍ സി.പി. രഘുനാഥന് ചടങ്ങില്‍ യാത്രയയപ്പ്  നല്‍കി. ഹെഡ്മാസ്റ്റര്‍ ഇ. സുനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലോഗോ ഡിസൈനര്‍ ശ്രീഹര്‍ഷന് ഉപഹാരം നല്‍കി. 

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ കെ.ടി. വിനോദന്‍, വടകര ഡി.ഇ.ഒ സി.കെ. വാസു, മേലടി എ.ഇ.ഒ പി.ഗോവിന്ദന്‍, മേലടി ബി.പി.സി വി. അനുരാജ്, ഡിവിഷന്‍ കൗണ്‍സിലര്‍മാർ തുടങ്ങിയവര്‍ സംസാരിച്ചു.

date