Skip to main content

പൊതുവിദ്യാഭ്യാസ മേഖലയിൽ കടന്നു പോയത് മികവിൻ്റെ ഒരു വർഷം - മന്ത്രി വി. ശിവന്‍കുട്ടി

 

 

 

ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

പൊതുവിദ്യാഭ്യാസ മേഖലയിൽ മികവിന്റെ ഒരു വര്‍ഷമാണ് കടന്നുപോയതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഈ കാലയളവിൽ 1655 പ്രൈമറി അധ്യാപകര്‍ക്ക്  ഹെഡ്മാസ്റ്റര്‍മാരായി സ്ഥാനക്കയറ്റം നല്‍കാനും 771-ല്‍ പരം പ്രൈമറി തസ്തികയില്‍ പുതിയ അധ്യാപക നിയമനങ്ങള്‍ നടത്താനും സാധിച്ചതായി അദ്ദേഹം പറഞ്ഞു. ചെറുവണ്ണൂര്‍ ഗവ. ഹൈസ്കൂളിൽ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് കാലത്തെ ഡിജിറ്റല്‍ പഠനം കൂടുതല്‍ കാര്യക്ഷമമാക്കി രാജ്യത്തിന് തന്നെ മാതൃകയായി. ''ഫസ്റ്റ് ബെല്‍ 2.0'' എന്ന പേരില്‍ ഡിജിറ്റല്‍ ക്ലാസ്സുകള്‍ ആരംഭിച്ചതും കൈറ്റ് വിക്ടേഴ്‌സില്‍ 'വിക്ടേഴ്‌സ് പ്ലസ്' എന്ന രണ്ടാം ചാനല്‍ ആരംഭിച്ചതും നേട്ടമാണ്. ഓണ്‍ലൈന്‍ പഠനം എല്ലാ വിദ്യാര്‍ത്ഥികളിലേയ്ക്കും എത്തിക്കാന്‍ 'ജി-സ്യൂട്ട്' ആപ്ലിക്കേഷനും പ്രാവര്‍ത്തികമാക്കി. ഇതെല്ലാം പൊതുവിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റം കൊണ്ടുവന്ന ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലാ പഞ്ചായത്തും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് വാങ്ങിയ പത്ത് സെന്റും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയ ഒരേക്കര്‍ 20 സെന്റ് സ്ഥലത്തുമാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയാണ് 74.48 ലക്ഷം രൂപ സ്ഥലം വാങ്ങാന്‍ അനുവദിച്ചത്. ഇവിടെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി നബാര്‍ഡ് രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പുതുതായി വാങ്ങിയ സ്ഥലത്തിൻ്റെ രേഖ ജില്ലാ പഞ്ചായത്തംഗം എന്‍.എം. വിമല വടകര ഡി.ഇ.ഒ സി.കെ. വാസുവിന് കൈമാറി.

ചടങ്ങിൽ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരന്‍ എം.പി മുഖ്യാതിഥിയായി. വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ ടി.പി. പ്രകാശന്‍ മാസ്റ്റര്‍ക്കുള്ള ഉപഹാര സമര്‍പ്പണം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഉന്നത വിജയികള്‍ക്കുള്ള അനുമോദനം ജില്ലാ പഞ്ചായത്തംഗം ദുല്‍ഖിഫില്‍ നിര്‍വഹിച്ചു. പിഡബ്ല്യൂഡി അസി. എക്സി. എൻജിനീയര്‍ കൊയിലാണ്ടി സബ് ഡിവിഷന്‍ കെ.കെ. ബിജീഷ് നിര്‍മാണ പ്രവര്‍ത്തന റിപ്പോര്‍ട്ടും സീനിയര്‍ അസിസ്റ്റന്റ് സി.എച്ച്. സനൂപ് അക്കാദമിക് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 

ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത, പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. ബിജു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍.കെ. പ്രേമന്‍ നന്ദിയും പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് സ്‌കൂളിന്റെ 85-ാം വാര്‍ഷികാഘോഷം നടന്നു. കുട്ടികളുടെ കലാപരിപാടികളും ഗണിത അധ്യാപക സംഗമം, ഗണിത ക്വിസ് എന്നിവയും സംഘടിപ്പിച്ചു.

date