Skip to main content

നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കണം - ജില്ലാ വികസന സമിതി യോഗം

 

 

 

വിവിധ വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം നിർദേശിച്ചു. ആവശ്യമുള്ളിടത്ത് കരാറുകാരെ പുനക്രമീകരിക്കാനും തീരുമാനിച്ചു. 

ജില്ലയിലെ വിവിധ നിർമാണ പ്രവൃത്തികൾ യോഗം അവലോകനം ചെയ്തു. റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും നിർമാണം വേഗത്തിലാക്കണം. കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മേഖലകളിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ ത്വരിതഗതിയിലാക്കണം. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള ഇടങ്ങളിൽ ഇത് തടയാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം. വേനൽ മഴയിൽ നാശനഷ്ടങ്ങളുണ്ടായവർക്ക് നഷ്ടപരിഹാരം ഉടൻതന്നെ നൽകണമെന്നും യോഗം നിർദേശിച്ചു.  

 ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ എ. നവീൻ ജീവതാളം പദ്ധതിയുമായി ബന്ധപ്പെട്ട് പവർപോയിൻറ് അവതരിപ്പിച്ചു. ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി നേരിടാനുള്ള പദ്ധതികളാണ് ജീവതാളം പ്രൊജക്ടിലൂടെ ആവിഷ്കരിക്കുന്നത്. സർക്കാർ വകുപ്പുകളിൽ ഭിന്നശേഷിക്കാർക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നൽകുന്നത് സംബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ സംസാരിച്ചു. 

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ എംഎൽഎമാർ, മന്ത്രിമാരുടെയും എം പി മാരുടെയും പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ,  ജില്ലാ പ്ലാനിംഗ് ഓഫീസർ പി ആർ മായ, എ ഡി എം  മുഹമ്മദ് റഫീഖ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date