Skip to main content

ജനപ്രതിനിധികളും ഭരണകൂടവും ജനങ്ങളുമൊന്നിച്ചു പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം സാധ്യമാവുന്നത് -മന്ത്രി എ. കെ. ശശീന്ദ്രൻ

 

 

 

ഓഫീസ് ഫയൽ അദാലത്ത് - കോർപറേഷൻതല ഉദ്ഘാടനം നടന്നു 

ജനപ്രതിനിധികളും ഭരണകൂടവും ജനങ്ങളുമൊന്നിച്ചു പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം സാധ്യമാവുന്നതെന്ന് വനം വന്യജീവി വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രൻ. കോഴിക്കോട് മുനിസിപ്പൽ കോർപറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫയൽ അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനസർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിനോടനുബന്ധിച്ചാണ് ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പൽ കോർപറേഷനിലുമായി ഫയലുകൾ തീർപ്പാക്കാനായി അദാലത്ത് സംഘടിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഉദ്ഘാടനചടങ്ങിനു മുൻപായി തീർപ്പാക്കിയ മൂന്നു ഫയലുകൾ മന്ത്രി അപേക്ഷകർക്ക് നൽകി. തീർപ്പാകാത്ത നാലായിരത്തോളം അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്.  ഇന്ന് തീർപ്പാകാത്ത പരാതികൾ മെയ് 4, 5 തീയതികളിൽ പരിഗണിക്കും.

കോർപറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയായി. ചടങ്ങിനിടെ തീർപ്പാക്കിയ മൂന്നു ഫയലുകൾ മേയർ ബന്ധപ്പെട്ട അപേക്ഷകർക്കു കൈമാറി. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ പി ദിവാകരൻ, പി. സി. രാജൻ, പി. കെ. നാസർ, ഡോ. എസ്. ജയശ്രീ, ഒ.പി.ഷിജിന, സി. രേഖ, കൃഷ്ണകുമാരി, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി തുടങ്ങിയവർ പങ്കെടുത്തു.

date