Skip to main content

റവന്യൂ ജീവനക്കാരുടെ കലോത്സവം; കലാമത്സരങ്ങളിൽ തിളങ്ങി ജീവനക്കാർ

 

 

 

ലാൻഡ് റവന്യൂ വകുപ്പ്  റവന്യൂ ജീവനക്കാർക്കായി സംഘടിപ്പിച്ച കലോത്സവത്തോടനുബന്ധിച്ച് എൻജിനീയേഴ്‌സ് ഹാൾ വേദിയിൽ ഭാരതനാട്യം, തബല, ഓട്ടൻതുള്ളൽ, തിരുവാതിര, നാടോടി നൃത്തം, ഒപ്പന എന്നീ മത്സരങ്ങൾ നടന്നു.

ഭാരതനട്യത്തിൽ കൊയിലാണ്ടി താലൂക്കിൽ നിന്നുള്ള ദിവ്യശ്രീ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കടുത്ത മത്സരം നടന്ന തിരുവാതിരക്കളിയിൽ താമരശ്ശേരി താലൂക്കിലെ കെ.കെ ബീനയും സംഘവും ഒന്നാം സ്ഥാനം നേടി. സബ് കലക്ടർ ചെൽസാസിനിയും ടീമും അവതരിപ്പിച്ച തിരുവാതിരക്കളിയും ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയും ടീമും അവതരിപ്പിച്ച ഒപ്പനയും മത്സരാർത്ഥികളെ ആവേശത്തിലാക്കി.

തിരക്ക് പിടിച്ച ജോലിക്കിടയിൽ ഇത്തരത്തിലുള്ള വിനോദപരിപാടികൾ ജോലി ചെയ്യാൻ കൂടുതൽ ഊർജസ്വലത നൽകുമെന്നും പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും സബ് കലക്ടർ ചെൽസാസിനി പ്രതികരിച്ചു.

ഉയർന്ന റാങ്കിലുള്ള ഉദ്യോ​ഗസ്ഥരടക്കം എല്ലാവരും വളരെ ആസ്വദിച്ചാണ് പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ഏപ്രിൽ 22 ന് വിളംബരഘോഷയാത്രയോടു കൂടി ആരംഭിച്ച കലോത്സവത്തിലൂടെ ഓഫീസിലെ മറ്റു തിരക്കുകളിൽ നിന്ന് മാറി ടെൻഷൻ ഫ്രീ ആകാൻ  ജീവനക്കാർക്ക് സാധിച്ചുവെന്ന് ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ അനിതകുമാരി പറഞ്ഞു. എല്ലാവരും മത്സര ബുദ്ധിയോടെയാണ് പരിപാടികളെ സമീപിക്കുന്നത്. ഓഫീസ് സമയം കഴിഞ്ഞാണ് കലാപരിപാടികൾക്കായുള്ള പരിശീലനം നടത്തിയത്. ഇത്തരം അവസരം ഒരുക്കി തന്നതിൽ സർക്കാരിനോട് നന്ദി പറയുന്നു. എല്ലാ വർഷവും ഇത്തരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഉദ്യോഗസ്ഥർക്കിടയിലെ കലാവാസനയെ പരിപോഷിപ്പിക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഒപ്പന മത്സരത്തിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയും സംഘവും ഒന്നാം സ്ഥാനം നേടി. കലക്ടറേറ്റിലെ പ്രമീളയും സംഘവും അവതരിപ്പിച്ച നാടോടി നൃത്തം (​ഗ്രൂപ്പ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി.  

ഓട്ടൻ തുള്ളൽ, തബല, നാടോടിനൃത്തം (സിം​ഗിൾ) എന്നീ ഇനങ്ങളിൽ ഓരോ മത്സരാർത്ഥി വീതമാണ് പങ്കെടുത്തത്. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ. ഹിമ നാടോടിനൃത്തം (സിം​ഗിൾ) മത്സരത്തിൽ പങ്കെടുത്തു. 

റവന്യൂ വകുപ്പിലെയും അനുബന്ധ വകുപ്പുകളിലെയും ജീവനക്കാരുടെ കലാസാംസ്‌കാരിക മേഖലകളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാനതലത്തില്‍ നടത്തുന്ന കലോത്സവത്തിനു മുന്നോടിയായാണു ജില്ലയില്‍ റവന്യൂ കലോത്സവം നടത്തുന്നത്. വിവിധ ഇനങ്ങളിലെ മത്സര വിജയികൾ മെയ് അവസാനവാരം തൃശൂരിൽ വെച്ചു നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും.

date