Skip to main content

ശാസ്ത്രീയ സംഗീതത്തിൽ മികവു തെളിയിച്ച് സബ് കലക്ടർ; റവന്യൂ കലോത്സവത്തിൽ മാറ്റുരക്കുന്ന പ്രകടനവുമായി ജീവനക്കാർ

 

 

 

ലാൻഡ് റവന്യൂ വകുപ്പ്  റവന്യൂ ജീവനക്കാർക്കായി സംഘടിപ്പിച്ച കലോത്സവത്തിൽ വിവിധ കലാ മത്സരങ്ങളിൽ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ച് ജീവനക്കാർ. താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ശാസ്ത്രീയ സംഗീത മത്സരത്തിൽ സബ് കളക്ടര്‍ ചെല്‍സാസിനി ഒന്നാം സ്ഥാനം നേടി. വെള്ളൈ കലൈയുടുത്ത് എന്ന് തുടങ്ങുന്ന ആദി താളത്തിലെ ഗാനമാണ് സബ് കളക്ടർ ആലപിച്ചത്. ബിലഹരി രാഗത്തിൽ ഗാനം ആലപിച്ച നരിക്കുനി വില്ലേജ് ഓഫീസർ അനുപമരാജ് രണ്ടാം സ്ഥാനവും  കരസ്ഥമാക്കി.

കവിതാ പാരായണത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടര്‍ കെ. ഹിമയും മത്സരിച്ചത് ജീവനക്കാർക്ക് വെല്ലുവിളിയായി. മധുസൂദനൻ നായരുടേയും വയലാറിന്റെയും കുമാരനാശാന്റെയും മുരുകൻ കാട്ടാക്കടയുടേയും പ്രശസ്തമായ കവിതകൾ നിറഞ്ഞു നിന്ന വനിതാ വിഭാഗത്തിലെ കവിതാ പാരായണ മത്സര വേദിയിൽ 11 മത്സരാർത്ഥികളെ പിന്തള്ളി കളക്ടറേറ്റിലെ പി. പ്രീതി ഒന്നാം സ്ഥാനം നേടി. ബ്ലെസി പി. അഗസ്റ്റിൻ ( താലൂക്ക് ഓഫീസ്, കോഴിക്കോട്) രണ്ടാം സ്ഥാനവും, അനുപമ രാജ് മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗം കവിതാലാപനത്തിൽ സതീഷ് കുമാർ (താലൂക്ക് ഓഫീസ്, കോഴിക്കോട്), പി.വി. സജീഷ് (വി.എഫ്.എ, താമരശ്ശേരി താലൂക്ക്), പ്രഭാഷ് (കളക്ടറേറ്റ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മാപ്പിളപ്പാട്ട് മത്സരം- പുരുഷ വിഭാഗത്തിൽ ജഹാഷ് അലി ( താലൂക്ക് ഓഫീസ്, കോഴിക്കോട് ), പി.കെ. മുരളീധരൻ (എൽ.എ, താലൂക്ക് ഓഫീസ് കോഴിക്കോട്), പ്രഭാഷ് (കളക്ടറേറ്റ് ) എന്നിവരും വനിതാ വിഭാഗത്തിൽ ബ്ലെസി പി. അഗസ്റ്റിൻ ( താലൂക്ക് ഓഫീസ്, കോഴിക്കോട്), ദിവ്യശ്രീ (വി.എഫ്.എ, ഉള്ള്യേരി ), ഷൈമ (ബൈൻഡർ എ.ഡി സർവ്വേ) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ശാസ്ത്രീയ സംഗീതത്തിൽ എം. കുമാർ വത്സൻ, എം. സുജാത, ഐശ്വര്യ മനോജ് എന്നിവരും കവിതാ പാരായണത്തിൽ എൻ. ബീന, സലോമി അഗസ്റ്റിൻ, വസുമതി എന്നിവരും മാപ്പിളപ്പാട്ടിൽ അബ്ബാസ് കൊണ്ടോട്ടി, സുലൈഖ ചേളാരി, സി.കെ. റഷീദ് മോങ്ങം എന്നിവരും വിധികർത്താക്കളായി. ഈ വേദിയിൽ ഇന്ന് (മെയ് ഒന്ന്) ലളിതഗാനം, മിമിക്രി, മോണോ ആക്ട് മത്സരങ്ങൾ അരങ്ങേറും.

date