Skip to main content

അരക്കോടിയിലധികം രൂപയുടെ വിറ്റുവരവുമായി മന്ത്രിസഭാ വാർഷിക പ്രദർശന വിപണന മേള

 

 

 

സംസ്ഥാന മന്ത്രിസഭാ വാർഷികവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചിൽ ഒരുക്കിയ എന്റെ കേരളം പ്രദർശന- വിപണന മേളയിൽ നിന്ന് അരക്കോടിയിലധികം രൂപയുടെ വിറ്റുവരവ്. കമേഴ്ഷ്യൽ സ്റ്റാളുകളിൽ നിന്നായി ആകെ 2906732 രൂപയുടെ വിറ്റു വരവുണ്ടായി. ഇവിടെ മിൽമയുടെ സ്റ്റാളാണ് ഒന്നാം സ്ഥാനത്തെത്തിയത്. കേരള സോപ്സിന്റെ സ്റ്റാൾ രണ്ടാമതെത്തി. കമേഴ്ഷ്യൽ സ്റ്റാളുകൾ, ഫുഡ് കോർട്ട്, തീരമൈത്രി യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നായി ആകെ 5019732 രൂപയുടെ വിറ്റുവരവുണ്ടായി. 

കുടുംബശ്രീയുടെ ഫുഡ്കോർട്ടിൽ നിന്നു മാത്രമായി 19 ലക്ഷം രൂപയാണ് ലഭിച്ചത്. അതിൽ സൗപർണിക യൂണിറ്റാണ് ഏറ്റവും കൂടുതൽ വിൽപന നടത്തിയത്. ട്രാൻസ്ജെൻഡേഴ്സിന്റെ യൂണിറ്റായ ലക്ഷ്യ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സിവിൽ സ്റ്റേഷൻ കാന്റീൻ യൂണിറ്റായ കരുണ മൂന്നാമതെത്തി. ഇതു കൂടാതെ, മത്സ്യഫെഡിന്റെ തീരമൈത്രി യൂണിറ്റിൽ മാത്രം 213000 രൂപയുടെ വിൽപന നടന്നു. 

വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഏപ്രിൽ 19 മുതൽ 26 വരെ പ്രദർശന- വിപണന മേള കൂടാതെ കോഴിക്കോട് ബീച്ചിൽ വിവിധ കലാപരിപാടികളും, വ്യത്യസ്തമായ വിഷയങ്ങളിൽ സെമിനാറുകളും നടത്തിയിരുന്നു. വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ വൻജനശ്രദ്ധ നേടുകയും ചെയ്തു. പോലീസിന്റേയും ഫയർഫോഴ്സിന്റേയും സ്റ്റാളുകളും, വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളുമെല്ലാം ജനപ്രീതി പിടിച്ചു പറ്റിയിരുന്നു. വൻജനപങ്കാളിത്തത്തോടെയാണ് മേള അവസാനിച്ചത്.

date