Skip to main content

റെഡി ടു 'ചാർജ്' 

 

 

വൈദ്യുതി വാഹനങ്ങളുമായി സഞ്ചരിക്കുമ്പോൾ ബാറ്ററി ചാർജ് തീർന്നാൽ എന്ത് ചെയ്യുമെന്ന ഭയം കൂടാതെ ഇനി യാത്ര ചെയ്യാം. കണ്ണൂരിൽ രണ്ടിടങ്ങളിലായി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും ഇലക്ട്രിക് പോസ്റ്റുകളിൽ 89 പോൾ മൗണ്ടഡ് ചാർജിംഗ് സെൻററുകളും ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. 

 

വളപട്ടണം കെഎസ്ഇബി സ്റ്റേഷനിലും പടന്നപ്പാലം കണ്ണൂർ ടൗൺ സബ് സ്റ്റേഷനിലുമാണ് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്.  ഒരേ സമയം ആറു വീതം കാറുകൾ ഇവിടെ ചാർജ് ചെയ്യാനാവും. നിലവിൽ ചൊവ്വ സബ് സ്റ്റേഷനിലുള്ള ഡിസി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനു പുറമെയാണിത്. വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ ഇ-വാഹന നയത്തിന്റെ ഭാഗമായാണ് പദ്ധതി. 

 

നാല് ചക്ര വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളിൽ 10 കിലോ വാട്ട് മുതൽ 60 കിലോ വാട്ട് വരെ ശേഷിയുളള യൂനിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു മണിക്കൂർ കൊണ്ട് കാർ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. പരമാവധി 30 യൂനിറ്റ് വൈദ്യുതിയാണ് ആവശ്യമായി വരിക. യൂനിറ്റിന് 10 രൂപയും ജി എസ് ടി യും ഉൾപ്പെടെ പൂർണമായി ബാറ്ററി ചാർജ് ചെയ്യാൻ പരമാവധി 350 രൂപയാണ് ചെലവ്. 260 കിലോമീറ്റർ ദൂരം വണ്ടി ഓടിക്കാൻ സാധിക്കും. അഹമ്മദാബാദ് ആസ്ഥാനമായ ടൈറെക്‌സ് ട്രാൻസ്മിഷൻ എന്ന സ്ഥാപനമാണ് ഈ രണ്ട് ചാർജിംഗ് സ്റ്റേഷനുകളും നിർമ്മിച്ചത്.

 

നിലവിലുളള ഇന്ത്യൻ, യൂറോപ്യൻ, ജാപ്പനീസ് സ്റ്റാൻഡേർഡ്സ്  വാഹനങ്ങൾ എല്ലാം ചാർജ് ചെയ്യാൻ സൗകര്യം ഇവിടെ ഉണ്ട്.  രാജ്യത്ത് ഇപ്പോൾ വിപണിയിലുളളതും സമീപഭാവിയിൽ പ്രതീക്ഷിക്കാവുന്നതുമായ എല്ലാവിധ കാറുകളും ചാർജ് ചെയ്യാൻ ഈ സ്റ്റേഷനുകൾ പര്യാപ്തമാണ്.

ഇ-ടെണ്ടർ പ്രകാരം തെരഞ്ഞെടുത്ത ജെനസിസ് എഞ്ചിനിയേഴ്‌സ് ആൻഡ് കോൺട്രാക്‌റ്റേഴ്‌സ് എന്ന സ്ഥാപനമാണ് പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളുടെ നിർമ്മാണം നിർവ്വഹിച്ചത്. നിർമ്മാണച്ചെലവ് 30 ലക്ഷം രൂപയാണ്. ഇ-വാഹനം ചാർജിംഗിനുളള മൊബൈൽ ആപ്ലിക്കേഷൻ ചാർജ് മോഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് നിർമ്മിച്ചത്.

സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതിന് ഓപ്പറേറ്ററുടെ ആവശ്യമില്ല. ചാർജിംഗിന്റെ പണമടയ്ക്കുന്നതും വാഹനം ഓടിക്കുന്ന ആൾക്ക് അടുത്തുളള സ്റ്റേഷന്റെ ലൊക്കേഷൻ, അവിടെ ലഭ്യമായ ചാർജ്ജുകളുടെ ഘടന, ലഭ്യത എന്നിവ അറിയാൻ സാധിക്കുന്നതുമെല്ലാം മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ്. റീചാർജിംഗിനെക്കുറിച്ച് ആശങ്കയില്ലാതെ കേരളത്തിലുടനീളം വൈദ്യുതി വാഹനങ്ങളിൽ സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് കെഎസ്ഇബി ചാർജിംഗ് സ്റ്റേഷൻ ശൃംഖല രൂപകൽപന ചെയ്തിരിക്കുന്നത്

date