Skip to main content

കില തളിപ്പറമ്പ് ക്യാംപസ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാക്കും:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കിലയുടെ തളിപ്പറമ്പ് ക്യാംപസ് അന്താരാഷ്ട്ര നിലവാരത്തിലുള്ള നേതൃ വികസന പഠന കേന്ദ്രമായി ഉയർത്താൻ തീരുമാനിച്ചെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കിലയുടെ ഗവേണിംഗ് കൗൺസിലിൽ ആണ് തീരുമാനം.
തളിപ്പറമ്പ് ക്യാംപസ് ഇനി അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രം- കേരള (International Centre for Leadership Studies Kerala) എന്ന് അറിയപ്പെടും. കേന്ദ്രത്തിന് കീഴിൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജ് സ്ഥാപിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് (Institute of Public Policy and Leadership) എന്നാകും കോളേജിന്റെ പേര്. കോളേജിന് പുറമേ മികവിന്റെ കേന്ദ്രവും ഒരുക്കും.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ മേഖലകളിലെ നേതാക്കന്‍മാര്‍ക്കായി റസിഡൻഷ്യൽ പരിശീലനകേന്ദ്രവും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ചടുലവും മികവുമുള്ള നേതൃനിരയെ സൃഷ്ടിക്കാൻ കേന്ദ്രം സഹായകരമാകും. പുതിയ കാലത്തിനനുസരിച്ച് ചിന്തിക്കുകയും, വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യുന്ന നേതാക്കള വാർത്തെടുക്കാൻ ഉതകുന്ന കേന്ദ്രമാകും ഒരുക്കുക. ലോകത്തെ നേതൃ പഠനരംഗത്തെ വിദഗ്ധരെ കേരളവുമായി കൂട്ടിയിണക്കുന്ന കണ്ണിയാകും കേന്ദ്രമെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 2023/2022

date