Skip to main content

കുട്ടികളുടെ വാക്സിനേഷൻ യജ്ഞത്തിനു തുടക്കമായി

സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ 12 വയസ് മുതൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 3,880 കുട്ടികൾ വാക്സിൻ സ്വീകരിച്ചു. 15 മുതൽ 17 വരെ പ്രായമുള്ള 864 കുട്ടികളും 12 മുതൽ 14 വരെ പ്രായമുള്ള 3,016 കുട്ടികളുമാണ് വാക്സിൻ സ്വീകരിച്ചത്. ബുധനാഴ്ച ചെറിയ കുഞ്ഞുങ്ങൾക്കുള്ള വാക്സിനേഷൻ ദിവസമായതിനാൽ എല്ലാ കേന്ദ്രങ്ങളും പൂർണമായി പ്രവർത്തിച്ചിട്ടില്ല. അതിനാൽ വാക്സിനേഷൻ യജ്ഞം മേയ് 28നും തുടരും. 12 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകണം. കോവിഡിൽ നിന്നും സംസ്ഥാനം പൂർണമായി മുക്തി നേടിയിട്ടില്ല. അതിനാൽ ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ എടുക്കാൻ രക്ഷകർത്താക്കൾ മുൻകൈയ്യെടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ഓൺ ലൈൻ വഴിയും സ്പോട്ട് രജിസ്ട്രേഷൻ വഴിയും വാക്സിൻ സ്വീകരിക്കാം. ഓൺലൈൻ വഴി ബുക്ക് ചെയ്ത് എത്തിയാൽ തിരക്കും രജിസ്ട്രേഷന് വേണ്ടി വരുന്ന സമയവും ലാഭിക്കാനാകും. സ്മാർട്ട് ഫോൺ വഴിയോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ വഴിയോ വളരെ ലളിതമായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കും. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാം.
വാക്സിനേഷനായി കുടുംബാംഗങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ചോ പുതിയ ഫോൺ നമ്പർ ഉപയോഗിച്ചോ രജിസ്റ്റർ ചെയ്യാവുന്നതാണ്. 12 വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റ് വരാതിരിക്കാൻ ശ്രദ്ധയോടെ വിവരങ്ങൾ നൽകണം.
ഓൺലൈനിൽ ബുക്ക് ചെയ്യുന്നതെങ്ങനെ?
1. ആദ്യമായി https://www.cowin.gov.in എന്ന ലിങ്കിൽ പോകുക. ഹോം പേജിന് മുകൾ വശത്തായി കാണുന്ന രജിസ്റ്റർ/സൈൻ ഇൻ യുവർസെൽഫ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.
2. അപ്പോൾ വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകി മൊബൈലിൽ ലഭിക്കുന്ന ഒടിപി നമ്പർ അവിടെ നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക.
3. പുതിയ പേജിൽ വലത് വശത്ത് മുകൾഭാഗത്തായി കാണുന്ന ആഡ് മെമ്പർ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
4. രജിസ്റ്റർ ഫോർ വാക്സിനേഷൻ പേജിൽ കുട്ടിയുടെ പേര്, പെൺകുട്ടിയോ ആൺകുട്ടിയോ മറ്റുള്ള വിഭാഗമോ എന്നും, ജനിച്ച വർഷം (2010ൽ ജനിച്ച കുട്ടികൾക്ക് ജനന തീയതി നൽകണം), ഫോട്ടോ ഐഡി പ്രൂഫ്, ഫോട്ടോ ഐഡി നമ്പർ എന്നിവ നൽകി ആഡ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇതോടെ രജിസ്ട്രേഷൻ പൂർത്തിയാകും.
5. വാക്സിനേഷനുള്ള അപ്പോയ്മെന്റ് എടുക്കാൻ തുടർന്നു വരുന്ന രജിസ്റ്റർ ചെയ്ത കുട്ടിയുടെ വിവരങ്ങളുള്ള പേജിലെ ഡോസ് ഒന്നിന് വലതുവശത്തായി കാണുന്ന ഷെഡ്യൂളിൽ ക്ലിക്ക് ചെയ്യണം
6. ബുക്ക് അപ്പോയ്മെന്റ് ഫോർ ഡോസ് 1 പേജിൽ പിൻകോഡ് നൽകിയോ ജില്ല സെർച്ച് ചെയ്തോ വാക്സിനേഷൻ സെന്റർ കണ്ടുപിടിക്കാം.
7. ഓരോ തീയതിയിലും വാക്സിൻ കേന്ദ്രങ്ങളുടെ ഒഴിവ് കാണാൻ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നൽകി കൺഫോം ബട്ടൺ ക്ലിക്ക് ചെയ്യാം. അപ്പോൾ കൺഫോം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും.
8. ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
9. എന്തെങ്കിലും കാരണത്താൽ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കിൽ തൊട്ടടുത്ത ദിവസം മൊബൈൽ നമ്പറും ഒടിപി നമ്പരും നൽകി കോവിൻ സൈറ്റിൽ കയറി ബുക്ക് ചെയ്യാവുന്നതാണ്.
10. വാക്സിനെടുക്കാനായി വാക്സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ രജിസ്റ്റർ ചെയ്ത പ്രിന്റൗട്ടോ എസ്എംഎസോ കാണിക്കുക. രജിസ്റ്റർ ചെയ്ത ഫോട്ടോ ഐഡി കൈയ്യിൽ കരുതേണ്ടതാണ്.
11. ഇതുപോലെ ആഡ് മെമ്പർ നൽകി മറ്റ് കുട്ടികളെ കൂടി രജിസ്റ്റർ ചെയ്യാം.
രണ്ടാം ഡോസിന് സമയമായവർ (ഒന്നാം ഡോസിന് ശേഷം 28 ദിവസം കഴിഞ്ഞ്) ഇതുപോലെ ബുക്ക് ചെയ്ത് രണ്ടാം ഡോസ് സ്വീകരിക്കാവുന്നതാണ്.
പി.എൻ.എക്സ്. 2170/2022    

date