Skip to main content

കുന്നത്തുകാല്‍ പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം

 

കുന്നത്തുകാല്‍ പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം. പഞ്ചായത്തില്‍ നടപ്പാക്കിയ വിവിധ വികസന പദ്ധതികള്‍ മുന്‍നിര്‍ത്തിയാണ് അംഗീകാരം. എള്ളുവിളയില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം നടത്തി.

സാക്ഷരതയെന്നാല്‍ അക്ഷരങ്ങള്‍ പഠിക്കുക മാത്രമല്ലെന്നും സാങ്കേതികവിദ്യ കൂടി പഠിപ്പിക്കലാണെന്നും സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപന ചടങ്ങില്‍ സ്പീക്കര്‍ പറഞ്ഞു. ലോകത്തിന്റെ സാങ്കേതിക സംവിധാനങ്ങളെല്ലാം പഞ്ചായത്തുകളിലും ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. 

ജനന മരണ സര്‍ട്ടിഫിക്കറ്റ്, ഇ-പേയ്‌മെന്റ് സംവിധാനം തുടങ്ങിയവയ്ക്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത് പഞ്ചായത്തിന്റെ പ്രവര്‍ത്തന മികവിന്റെ ഉദാഹരണങ്ങളാണ്. വിശ്രമകേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കുള്ള റാമ്പ്, അമ്മമാര്‍ക്കായി ഫീഡിംഗ് റൂം തുടങ്ങിയവയും നേട്ടങ്ങളില്‍പ്പെടുന്നു. 

കുടുംബശ്രീയുടെ ഭാഗമായ ബാലസഭകള്‍ക്ക് ഒരു ലക്ഷം രൂപയുടെ പഠനോപകരണ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത്  ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ സി.എസ്. ഗീതാരാജശേഖരന്‍ നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി  പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി അനുമോദിച്ചു.  സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്നത്തുക്കാല്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്.അരുണ്‍ ജില്ല പഞ്ചായത്തംഗം കെ.വി.വിചിത്ര, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 (പിആര്‍പി 1838/2018)
 

date