Skip to main content
കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ജില്ലാതല റിസ്ക് ഫണ്ട് ധനസഹായ വിതരണത്തിൻ്റെയും ഫയല്‍ തീര്‍പ്പാക്കല്‍  അദാലത്തിൻ്റെയും ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവൻ നിർവഹിക്കുന്നു.

സഹകരണ മേഖലയിൽ നിക്ഷേപിച്ച ഒരു രൂപ പോലും നഷ്ടപ്പെടുകയില്ല : മന്ത്രി വി.എന്‍.വാസവൻ

 

ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തും
റിസ്ക് ഫണ്ട് ധനസഹായ വിതരണവും 
 ഉദ്ഘാടനം ചെയ്തു

* 808 ഫയലുമായി ബന്ധപ്പെട്ട്  8.17 കോടി രൂപ വിതരണം ചെയ്തു

സഹകരണ മേഖലയിൽ നിക്ഷേപിച്ച ഒരു രൂപ പോലും ആർക്കും നഷ്ടപ്പെടുകയില്ലെന്നും കാലഘട്ടത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ കൃത്യമായി പരിശോധിച്ചാൽ വ്യക്തമാകുന്നതാണെന്നും   സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവൻ പറഞ്ഞു. 
നോട്ട് നിരാേധിക്കൽ വലിയ പ്രതിസന്ധി രാജ്യമെമ്പാടും സൃഷ്ടിച്ചപ്പോൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ശിലയാണ് സഹകരണ മേഖല എന്ന തെളിയിക്കപ്പെട്ടു. ധനസമ്പാദനവുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങൾ ആരംഭിക്കാനും കേരളം സുരക്ഷിതമാണെന്നും പൊതു സമൂഹത്തിന് ബോധ്യമായി.

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ജില്ലാതല
റിസ്ക് ഫണ്ട് ധനസഹായ വിതരണത്തിൻ്റെയും ഫയല്‍ തീര്‍പ്പാക്കല്‍  അദാലത്തിൻ്റെയും ഉദ്ഘാടനം കാക്കനാട് കേരള ബാങ്ക് എം.വി ജോസഫ് മെമ്മോറിയല്‍ ഓഡിറ്റോറിയം  സി.പി.സി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.   
 
ക്രമക്കേടുകൾക്കെതിരെ സർക്കാറിന്റെ നിലപാട് വ്യക്തവും കൃത്യവും ശക്തവുമാണെന്നും മന്ത്രി പറഞ്ഞു. കരുവന്നൂർ ബാങ്കിലെ പരാതിക്കാരായ സഹകാരികൾക്ക് 38.75 ലക്ഷം രൂപ മടക്കി കൊടുത്തു കഴിഞ്ഞു. സാധാരണക്കാരായ ജനങ്ങൾ വായ്പയ്ക്കായി ആദ്യം ഓടിയെത്തുന്നത് സഹകരണ സ്ഥാപനങ്ങളിലാണ് അതിനാൽ തിരിച്ചടവിലുള്ള സാവകാശം പ്രഖ്യാപിച്ചു കഴിഞ്ഞു. കാർഷിക , കോവിഡ് ,പ്രളയ കാല പ്രതിസന്ധി ഘട്ടങ്ങളിൽ മോറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു. അഞ്ച് സെന്റിൽ താഴെയുള്ള ഭൂമി ജപ്തി ചെയ്യുമ്പോൾ സ്ഥാപനങ്ങൾ പകരം താമസ സൗകര്യം ഒരുക്കി നൽകിയിട്ടേ ചെയ്യാവൂ എന്നും മന്ത്രി പറഞ്ഞു.സഹകരണ മേഖലയുടെ ജനാധിപത്യപരമായ ഉള്ളടക്കം അത്ര വിശാലമാണ് . സഹകാരികൾക്ക് അറിയാനുള്ള അവകാശം മുൻനിർത്തി സി-ഡിറ്റിന്റെ സഹകരണത്തോടെ വെബ് സൈറ്റ് ആരംഭിക്കുമെന്നും ഓരോ സഹകരണ സ്ഥാപനത്തിന്റെയും മുഴുവൻ വിവരങ്ങളും സൈറ്റിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

      സംസ്ഥാനത്തെ  വിവിധ സഹകരണ ബാങ്ക് , സംഘങ്ങളില്‍ നിന്നും വായ്പയെടുത്തശേഷം മരണപ്പെടുകയോ, മാരകരോഗം പിടിപെടുകയോ ചെയ്തിട്ടുളള വായ്പക്കാര്‍ക്ക് ധനസഹായം നല്‍കുന്നതിനു വേണ്ടിയുളളതാണ് കേരള സഹകരണ  റിസ്ക് ഫണ്ട് പദ്ധതി. 

 എറണാകുളം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം മരണപ്പെടുകയോ ഗുരുതരമായ അസുഖങ്ങൾ ബാധിക്കുകയോ ചെയ്തിട്ടുള്ള വായ്പക്കാർക്കുള്ള ആനുകൂല്യത്തിനായി ബോർഡിൽ ലഭിച്ചിട്ടുള്ള അപേക്ഷകളിൽ  808 അപേക്ഷകൾ തീർപ്പാക്കി ആകെ 8,17,82,021 രൂപയ്ക്കുള്ള ചെക്കുകൾ ചടങ്ങിൽ വിതരണം ചെയ്തു. ഏഴു താലൂക്കുകളിലെ കേരള ബാങ്ക് ഉൾപ്പെടെ 183 സംഘങ്ങളിലെ അപേക്ഷകളാണ് ധനസഹായത്തിനായി പരിഗണിച്ചത്. കേരള ബാങ്കിന്റെ എറണാകുളം ബ്രാഞ്ച്, അർബൻ സഹകരണ ബാങ്കുകൾ, പി.സി.എ.ആർ.ഡി.ബികൾ, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, എംപ്ലോയീസ് സഹകരണ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ എന്നിവയ്ക്കായാണ് ചെക്കുകൾ വിതരണം ചെയ്തത്.

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വായ്പാക്കാർക്ക് അനുവദിക്കുന്ന ധനസഹായതുക വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ബോർഡ് സ്വീകരിച്ചിട്ടുണ്ട്. റിസ്ക് ഫണ്ട് ധനസഹായ തുകയിൽ മരണാനന്തര സഹായം പരമാവധി മൂന്ന് ലക്ഷം രൂപയായും ചികിത്സാ ധനസഹായം പരമാവധി 1.25 ലക്ഷം രൂപയായും വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സഹകരണ ബാങ്കുകളിൽ നിന്നോ സംഘങ്ങളിൽ നിന്നോ വായ്പ എടുത്തതിനു ശേഷം ഗുരുതരമായ അസുഖങ്ങൾ വരികയോ മരണം സംഭവിക്കുകയോ ചെയ്യുന്നതുമൂലം വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ കുടുംബത്തിനുണ്ടാകുന്ന ബാധ്യതയും വായ്പാ കുടിശികയും ഒഴിവാക്കുന്നതിന് കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി പ്രയോജനകരമാണ്. 

   ഹൈബി ഈഡന്‍ എം.പി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.   തൃക്കാക്കര മുൻസിപ്പൽ ചെയർ പേഴ്സൺ അജിതാ തങ്കപ്പൻ, കൗൺസിലർ ഉണ്ണി കാക്കനാട് ,സഹകരണ വകുപ്പ് സെക്രട്ടറി  മിനി ആന്‍റണി , സഹകരണ സംഘം രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഐ.പി കുമാരി ബിന്ദു, ജോയിന്റ് രജിസ്ട്രാർ ജനറൽ സജീവ് കർത്ത , ജോയിന്റ് ഡയറക്ടർ ഓഡിറ്റ് ഹഫീസ് മുഹമ്മദ്, കേരള ബാങ്ക് തൃശൂർ റീജിയണൽ മാനേജർ ജോളി ജോൺ , എറണാകുളം മേഖലാ ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാർ സിദ്ധി ഫ്രാൻസിസ് തുടങ്ങിയവരും പ്രമുഖ സഹകാരികളും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു

date