Skip to main content

ലൈഫ് കരട് ഗുണഭോക്തൃ പട്ടിക: പരിശോധന പുരോഗമിക്കുന്നു.

 

* അന്തിമ പട്ടിക ആഗസ്റ്റ് 16 ന്  പ്രസിദ്ധീകരിക്കും

ലൈഫ് മിഷൻ രണ്ടാം ഘട്ടം കരട് ഗുണഭോക്തൃ പട്ടികയുടെ പരിശോധന ഗ്രാമ - വാർഡ്‌ സഭകളിൽ പുരോഗമിക്കുന്നു. മാനദണ്ഡങ്ങള്‍ വേണ്ടവിധം പരിശോധിച്ചിട്ടുണ്ടോ, മുൻഗണനാക്രമം പരിഗണിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയവ ഗ്രാമസഭകളിൽ വിശകലനം ചെയ്യും.
ഗ്രാമസഭകള്‍ അംഗീകരിച്ച പട്ടികകള്‍ക്ക് പഞ്ചായത്ത് - നഗരസഭാ ഭരണസമിതികള്‍ ആഗസ്റ്റ് 10നകം അംഗീകാരം നല്‍കും. ആഗസ്റ്റ് 16നാണ്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്‌.

അനര്‍ഹർ പട്ടികയിലുണ്ടെങ്കില്‍ ഒഴിവാക്കാനും അപ്പീൽ നൽകിയിട്ടും ലിസ്റ്റിൽ ഉൾപ്പെടാത്ത അർഹരെ  പട്ടികയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കാനും ഗ്രാമസഭകൾക്ക് കഴിയും. അര്‍ഹത തെളിയിക്കുന്ന രേഖ ഗ്രാമസഭാ -വാർഡ്‌ സഭാ കൺവീനർ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ലഭ്യമാക്കണം. രേഖ പരിശോധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് അര്‍ഹത ബോധ്യപ്പെട്ടാല്‍ പട്ടികയില്‍ ഓൺലൈനായി മാറ്റം വരുത്താനാകും. ‍

മുൻഗണനാ ക്രമം നിശ്ചയിച്ച ക്ലേശഘടകങ്ങള്‍ പരിഗണിക്കുന്നതില്‍ പിശക് വന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാറ്റം വരുത്താനും  സഭകള്‍ക്ക് അധികാരമുണ്ട്‌. ഭൂരഹിതരുടെ അര്‍ഹതാ പട്ടികയിലുള്ളവരെ ഭൂമിയുള്ളവരുടെ പട്ടികയിലേക്കും തിരിച്ചും മാറ്റാനും ഗ്രാമ -വാര്‍ഡ് സഭകള്‍ക്ക് കഴിയും. ഗുണഭോക്താവ് ഉള്‍പ്പെട്ട പട്ടികജാതി/പട്ടികവര്‍ഗ വിഭാഗം, മതം തുടങ്ങിയവ രേഖപ്പെടുത്തിയതില്‍‍ തെറ്റുകളുണ്ടെങ്കില്‍, തിരുത്തലിന് ഗ്രാമ/വാര്‍ഡ് സഭകള്‍ക്ക് നിര്‍ദേശിക്കാം.

രണ്ട് അപ്പീലുകൾക്ക് ശേഷം പ്രസിദ്ധീകരിച്ച ഗുണഭോക്തൃപട്ടികയാണ് ഗ്രാമസഭകളിൽ പരിശോധിക്കുന്നത്.ജില്ലയിൽ  40,207 ഗുണഭോക്താക്കളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
55,601 അപേക്ഷകൾ ആയിരുന്നു ജില്ലയിലാകെ ലഭിച്ചിരുന്നത്.

date