Skip to main content

കേരളത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റും -മന്ത്രി വി.അബ്ദുറഹിമാന്‍

 

അടല്‍ ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന അടല്‍ ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദേശത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ അടക്കം പഠിക്കാന്‍ വരുന്ന കേന്ദ്രമാക്കി കേരളത്തിലെ സര്‍വകലാശാലകളെ മാറ്റും. കേരള സര്‍വകലാശാല രാജ്യത്തെ മികച്ച സ്ഥാപനമായി മാറിയിട്ടുണ്ട്. കായിക വിദ്യാഭ്യാസ മേഖലയിലും സംസ്ഥാനം മുന്നേറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ.സലീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഒതുക്കുങ്ങല്‍ പഞ്ചായത്തിനെ സമ്പൂര്‍ണ ഡിജിറ്റില്‍ ബാങ്കിങ് പഞ്ചായത്താക്കി മാറ്റാന്‍ സ്‌കൂള്‍ എന്‍.എസ.്എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ നിന്നും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ മന്ത്രി ആദരിച്ചു.

കേന്ദ്ര സര്‍ക്കാറിന്റെ അടല്‍ ഇന്നോവേഷന്‍ മിഷന്റെയും നീതി ആയോഗിന്റെയും സഹകരണത്തോടെയാണ് പുതിയ ലാബ് സജ്ജമാക്കിയത്.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, മെഷീന്‍ ലേണിങ്, റോബോട്ടിക്‌സ്, ത്രിഡി ഇമേജ് പ്രിന്റിങ് തുടങ്ങിയവ പഠിക്കാനും പരിശീലിക്കാനും ലാബ് സഹായകമാവും.
ബ്ലോക്ക് പഞ്ചായത്ത് അംഗം കാരാട്ട് അബ്ദുറഹ്‌മാന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.കെ മെഹ്നാസ്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.കെ ഖമറുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആസിഫ തസ്നി, പ്രിന്‍സിപ്പല്‍ നിഷാബീഗം, പ്രധാനധ്യാപിക പിഎന്‍ ഗീതാദേവി, പിടിഎ പ്രസിഡന്റ് അലി മേലേതില്‍ എന്നിവര്‍ സംസാരിച്ചു.

date