Skip to main content

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി അക്കാദമിക നിലവാരം ഉയര്‍ത്തും : മന്ത്രി വി. ശിവന്‍കുട്ടി

**ആനയറ വലിയ ഉദ്ദേശ്വരം എല്‍.പി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി അക്കാദമിക നിലവാരം ഉയര്‍ത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടക്കുന്നത്. ഗുണകരമായ വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ആനയറ വലിയ ഉദ്ദേശ്വരം എല്‍. പി സ്‌കൂളില്‍ രണ്ടു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി.

സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രതാപ കാലമാണ് വരാനിരിക്കുന്നത്. അക്കാദമിക മികവ് കൈവരിക്കാനായി അധ്യാപകര്‍ക്ക് റസിഡന്‍ഷ്യല്‍ ട്രെയിനിങ് ഉള്‍പ്പെടെ നല്‍കും. കഴക്കൂട്ടം മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. രണ്ടുകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ അഞ്ച് ക്ലാസ് റൂമുകള്‍, സ്റ്റാഫ് റൂം ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുന്നു. എത്രയും പെട്ടെന്ന് കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. സ്‌കൂളിനെ യു.പി സ്‌കൂളായി ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും കെട്ടിടത്തിന്റെ രണ്ടാം നില പൂര്‍ത്തിയാക്കാനായി എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കടകംപള്ളി വാര്‍ഡ് കൗണ്‍സിലര്‍ പി. കെ ഗോപകുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍, ഹെഡ്മിസ്ട്രസ് ഷീജ മണി, വിവിധ രാഷ്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

date