Skip to main content

മുണ്ടേരി മുദ്രാ വിദ്യാഭ്യാസ പദ്ധതി: മൂന്ന് ഘടക പദ്ധതികൾ നാടിന് സമർപ്പിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലെ സവിശേഷ മാതൃകയായ മുണ്ടേരി മുദ്രാ വിദ്യാഭ്യാസ പദ്ധതിയിലെ മൂന്ന് ഘടക പദ്ധതികളുടെ ഉദ്ഘാടനം മുണ്ടേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ മുദ്രാ വിദ്യാഭ്യാസ സമിതി ചെയർമാനും മുൻ എം പിയുമായ കെ കെ രാഗേഷ് നിർവഹിച്ചു. 

സ്‌കൂളിൽ എച്ച് പി സി എൽ അനുവദിച്ച 80 ലക്ഷം രൂപയുടെ ഡിജിറ്റൽ ലൈബ്രറി കെട്ടിടവും 25 ലക്ഷം രൂപയുടെ ഭൗതിക ശാസ്ത്ര ലാബോറട്ടറിയും കൊച്ചിൻ ഷിപ്പ് യാർഡ് അനുവദിച്ച 30 ലക്ഷം രൂപയുടെ ഡിജിറ്റൽ ലൈബ്രറിയുമാണ് തുറന്നു കൊടുത്തത്.

ഇന്ത്യയിലെ തന്നെ മികച്ച ഒരു സർക്കാർ സ്‌കൂളായി മുണ്ടേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിന് ഉയരാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്ന് കെ കെ രാഗേഷ് പറഞ്ഞു. കുട്ടികൾക്ക് നൽകേണ്ട ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ സമൂഹമാണ് കേരളത്തിലേത്. സർക്കാർ സ്‌കൂളിന്റെ മികവ് തിരിച്ചറിഞ്ഞ രക്ഷിതാക്കൾ സർക്കാർ സ്‌കൂൾ തന്നെ തെരഞ്ഞെടുക്കുന്ന സ്ഥിതിയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, വി കെ സുരേഷ്ബാബു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ബിന്ദു, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ, വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷൻ, സ്ഥിരം സമിതി അധ്യക്ഷ സി ലത, അംഗങ്ങളായ പി അഷ്‌റഫ്, ലീഷ്മ, എച്ച് പി സി എൽ സീനിയർ റീജിയണൽ മാനേജർ പ്രശാന്ത് കാംബ്ലെ, കൊച്ചിൻ ഷിപ്പ് യാർഡ് പ്രതിനിധി സമ്പത്ത്കുമാർ, യു എൽ സി സി ഡയറക്ടർ പ്രകാശൻ, സ്‌കൂൾ പ്രിൻസിപ്പൽ എം മനോജ്കുമാർ, ഹെഡ്മാസ്റ്റർ ഹരീന്ദ്രൻ കോയിലോടൻ, മുദ്ര സമിതി ജനറൽ കൺവീനർ പി പി ബാബു, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

date