Skip to main content

ലഹരിരഹിത പുതുവത്സരാഘോഷത്തിന് വിപുലമായ തയ്യാറെടുപ്പുകളോടെ ജില്ലാ ഭരണകൂടം

    ഈ പുതുവത്സര ആഘോഷങ്ങള്‍ ലഹരി രഹിതമാക്കി അവിസ്മരണീയമാക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു.  ഇതിനായി വിപുലമായ പരിപാടികളാണ് വിമുക്തിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും റസിഡന്റ്‌സ് അസോ സിയേഷനുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹായത്തോടെ ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യുന്നത്.
    സമൂഹത്തില്‍ നടക്കുന്ന പകുതിയിലേറെ കേസുകളുടെയും പിന്നില്‍ മദ്യപാനവും ലഹരിയുമാണെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന വിമുക്തി അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ; കെ. വാസുകി അഭിപ്രായപ്പെട്ടു.  സ്ത്രികളോടും കുട്ടികളോടുമുള്ള അതിക്രമങ്ങളില്‍ അത് അറുപത് ശതമാനത്തിലധികമാണ്.  നാല്‍പത് ശതമാനം കൊലപാതകക്കേസുകളിലും ലഹരിയുടെ സാന്നിധ്യം കണ്ടെത്താനാവുമെന്നും അവര്‍ അറിയിച്ചു.
     ജില്ലയെ എല്ലാവിധ ലഹരി ഉപയോഗങ്ങളില്‍ നിന്നും വിമുക്തമാക്കുകയാണ് ലക്ഷ്യം. പുതുവത്സര ദിനാഘോഷം ലഹരി വര്‍ജ്ജനത്തിന് തുടക്കമായി ജനങ്ങള്‍ ഏറ്റെടുക്കണം. എല്ലാ മേഖലകളിലുമുള്ളവരുടെ കൈത്താങ്ങും പ്രവര്‍ത്തനങ്ങളും ലഹരിക്കടിമപ്പെട്ടവര്‍ക്ക് ജീവിതം വീണ്ടെടുക്കാന്‍ ഉണ്ടാവണമെന്നും കളക്ടര്‍ അറിയിച്ചു.
    ഇതു സംബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനും  ഡിസംബര്‍ 12 ന് രാവിലെ 10.30 ന് പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ യോഗം ചേരും.  ലഹരിവിമുക്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര ഏജന്‍സികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, മതസംഘടനകള്‍, ക്‌ളബ്ബുകള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 
    പരിപാടിയുടെ വിജയത്തിനായി സമൂഹത്തിലെ എല്ലാ മേഖലകളിലെയും ജനങ്ങളുടെ സഹകരണവും വിവിധ തരത്തിലുള്ള സ്‌പോണ്‍സര്‍ഷിപ്പുകളും അനിവാര്യമാണെന്നും അവര്‍ അറിയിച്ചു.  ഡിസംബര്‍ 17ന് പ്രത്യേക അയല്‍കൂട്ടങ്ങളും റസിഡന്റ്‌സ് അസോസിയേഷന്‍  യോഗങ്ങളും ഊരുകൂട്ടങ്ങളും ചേര്‍ന്ന് വിമുക്തി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ലഹരിവിരുദ്ധ സന്ദേശം കൈമാറും.  വിമുക്തി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ  വാര്‍ഡുകളിലും വാര്‍ഡ്തല കമ്മിറ്റികള്‍ രൂപീകരിച്ച് ഡിസംബര്‍ 10 ന് മുമ്പ് യോഗം ചേരുന്നതിനും അവലോകന യോഗത്തില്‍ തീരുമാനിച്ചു.  
    യോഗത്തില്‍ വിവിധ വകുപ്പുകള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര എജന്‍സികള്‍, യുവജനക്ഷേമ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി 1894/2017)

date