Skip to main content

ചാലക്കുടി നഗരസഭയിൽ അടിയന്തര കൗൺസിൽ  യോഗം

 

ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നഗരസഭയിൽ  അടിയന്തര കൗൺസിൽ  യോഗം ചേർന്നു. ഡാമുകൾ തുറന്ന സാഹചര്യത്തിൽ ചാലക്കുടിപുഴയുടെ തീരത്ത് താമസിക്കുന്നവരെ അടിയന്തരമായി മാറ്റുന്നതിന് നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. വാഹനങ്ങളിൽ  മൈക്ക്  അനൗൺസ്മെൻ്റ്  വഴി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി തുടങ്ങി.  2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ  ഉള്ളവരെയും മാറ്റി പാർപ്പിക്കും. 

നഗരസഭയ്ക്ക് കീഴിൽ നിലവിൽ മൂന്ന്  ക്യാമ്പുകളാണ് ഉള്ളത്.  കൂടുതൽ ക്യാമ്പുകൾ തുറക്കാനും കൗൺസിൽ തീരുമാനിച്ചു. പോട്ട പനമ്പിള്ളി കോളജ്, വി ആർ പുരം കമ്മ്യൂണിറ്റി  ഹാൾ, വി  ആർ  പുരം സ്കൂൾ, കിഴക്കേ ചാലക്കുടി പള്ളിവക ഹാൾ എന്നിവിടങ്ങളിലും ക്യാമ്പുകൾ   തുറക്കുന്നതിനുളള  തയ്യാറെടുപ്പുകൾ  നഗരസഭ  നടത്തി.  

ക്യാമ്പുകളുടെ മേൽനോട്ടത്തിന്  കൗൺസിലർ, ഉദ്യോഗസ്ഥർ എന്നിവരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. അടിയന്തര ഘട്ടങ്ങളിൽ നഗരസഭയിൽ   24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം വഴിയും   ജനങ്ങൾക്ക് ബന്ധപ്പെടാം. എമർജൻസി  റെസ്പോൺസിബിൾ  ടീമും  നഗരസഭയിൽ സജ്ജമാണ്.  രക്ഷാ പ്രവർത്തനം ആവശ്യമായ  സ്ഥലങ്ങളിൽ ഇവരുടെ സേവനം ലഭ്യമാകുമെന്നും കൗൺസിൽ അറിയിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ്, കൗൺസിലർമാർ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date