Skip to main content

മഴ: ജാഗ്രതയോടെ ജില്ലാ ഭരണകൂടം, നിയന്ത്രണങ്ങള്‍ തുടരും

 

ഇടുക്കിയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നേരത്തേ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരാന്‍ കലക്ടര്‍ ഷീബ ജോര്‍ജി ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെ ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. അപകട സാധ്യതയുള്ള മേഖലകളെ കണ്ടെത്താനും മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നവരെ ഉടനേ മാറ്റാനും കളക്ടര്‍ നിര്‍ദേശിച്ചു. രാത്രിയാത്രാ നിരോധനം തുടരണം. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കരുത്. വെള്ളച്ചാട്ടത്തിന് സമീപം നിന്ന് സെല്‍ഫി എടുക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി എടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ഡാം സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത തുടരുന്നുണ്ട്. കെ. എസ്. ഇ ബി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മലങ്കര, കുണ്ടള, ലോവര്‍ പെരിയാര്‍, പൊന്മുടി, കല്ലാര്‍ കുട്ടി ഡാമുകളാണ് നിലവില്‍ തുറന്നിട്ടുള്ളത്. ഇടുക്കി ഡാമിലെ ജലനില 2377.8 അടിയാണ്.
വനത്തിലെ ആദിവാസി സെറ്റില്‍മെന്റുകളില്‍ നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് വനം വകുപ്പ് അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും ആശവര്‍ക്കര്‍മാരുടെയും സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കൃഷി നാശനഷ്ടം കൃത്യമായി വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്യണം. സ്‌കൂളുടെ അവധി തുടരുകയാണെങ്കിലും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി.  
താലുക്കുകളിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് തഹസീല്‍ദാര്‍മാര്‍ അറിയിച്ചു. കൊക്കയാര്‍ ക്യാമ്പിലെ ഡയാലിസിസ് മുടങ്ങിയ രോഗിയെ എത്രയും വേഗം ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. സ്‌കൂളുകള്‍ക്കും റോഡുകള്‍ക്കും സമീപമുള്ള അപകടാവസ്ഥയിലുള്ള മരങ്ങള്‍ എത്രയും വേഗം മുറിച്ചു നീക്കാന്‍ പൊതുമരാമത്ത് വകുപ്പിനും നിര്‍ദേശം നല്‍കി. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ മണ്ണടിഞ്ഞതിനാല്‍ ഒറ്റവരി യാത്രയാണ് അനുവദിച്ചിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.
ഡാമുകളുടെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴ തുടരുകയാണെങ്കില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇടുക്കി ഡാമില്‍ കണ്ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. നമ്പര്‍ 9496011994. ക്യാമ്പുകളില്‍ ഭക്ഷ്യ വസ്തുക്കള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.  ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date