Skip to main content

മഴക്കെടുതി:  തൊടുപുഴയില്‍ അവലോകന യോഗം ചേര്‍ന്നു

 

 

പി.ജെ ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ പ്രകൃതിക്ഷോഭ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും ദുരന്തനിവാരണ മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി തൊടുപുഴ താലൂക്ക് ഓഫീസില്‍ അവലോകന യോഗം ചേര്‍ന്നു. എല്ലാ വില്ലേജുകളിലും ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ രണ്ട് കെട്ടിടങ്ങള്‍ വീതം കണ്ടെത്തിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍ അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ മാറ്റി പാര്‍പ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി. മലങ്കര, ഹാരിസണ്‍, പുള്ളിക്കാനം എസ്റ്റേറ്റുകളിലെ ലയങ്ങളിൽ  പരിശോധന നടത്തി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും അപകട ഭീഷണിയുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ എസ്‌റ്റേറ്റ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും തൊടുപുഴ തഹസില്‍ദാര്‍ മോഹനകുമാരന്‍ നായര്‍ യോഗത്തെ അറിയിച്ചു.  മഴക്കെടുതി നേരിടാന്‍ വിവിധ വകുപ്പു മേധാവികള്‍ സ്വീകരിച്ച നടപടികളും യോഗത്തില്‍ വിശദീകരിച്ചു. തൊടുപുഴ, മൂലമറ്റം ഫയര്‍ സ്റ്റേഷനുകളിലായി 150 പേരടങ്ങുന്ന സന്നദ്ധ സേന സജ്ജമാണെന്ന് തൊടുപുഴ ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ അറിയിച്ചു. 

 

 കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നും വീട്, കൃഷി നാശമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം കണക്കാക്കി ധനസഹായം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ പി.ജെ ജോസഫ് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

ഫോട്ടോ :തൊടുപുഴ താലൂക്ക് ദുരന്തനിവാരണ സമിതി യോഗത്തിൽ പി ജെ ജോസഫ് എം എൽ എ പ്രസംഗിക്കുന്നു.

 

date