Skip to main content

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

മഴ ശക്തമായതിനെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു.

പകര്‍ച്ചവ്യാധികള്‍ക്കെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

എല്ലാവരും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

പഴകിയ ഭക്ഷണം ഒഴിവാക്കുകയും ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ കൃത്യമായി സംസ്‌ക്കരിക്കുകയും ചെയ്യണം

മഴയില്‍ കുതിര്‍ന്ന ഭക്ഷണം പൂര്‍ണമായും ഒഴിവാക്കണം.
ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും മലമൂത്രവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് അണുവിമുക്തമാക്കുക.
പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.

മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ സമീപിച്ച് എലിപ്പനിക്കെതിരെയുളള ഡോക്സിസൈക്ലീന്‍ പ്രതിരോധ ഗുളിക കഴിക്കുക.

കൊതുകിനെ പ്രതിരോധിക്കാന്‍ കൊതുക് വല ഉപയോഗിക്കുകയും ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുകയും ചെയ്യാം.

വീടിനുള്ളില്‍ വെള്ളം നിറച്ചിരിക്കുന്ന പാത്രങ്ങള്‍ മൂടിവെക്കുക. ഫ്രിഡ്ജിന് പുറകിലുള്ള ട്രേ വൃത്തിയാക്കുക. ചെടികള്‍ വളരുന്ന കുപ്പികള്‍, ചട്ടികളുടെ അടിയിലുള്ള പാത്രങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക.

സണ്‍ഷേഡ്, മേല്‍ക്കൂര എന്നിവിടങ്ങളില്‍ കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കുക.

പറമ്പില്‍ അലക്ഷ്യമായി കിടക്കുന്ന ചിരട്ട, കുപ്പി, പാത്രങ്ങള്‍, ടയര്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ ശേഖരിച്ച് വെള്ളം കെട്ടിനില്‍ക്കാത്ത വിധം നീക്കം ചെയ്യുക.

കൊതുക് വളരാന്‍ സാധ്യതയുള്ള എല്ലാ മേഖലകളും ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക.(ഡ്രൈഡേ ആചരിക്കുക).

ദുരിതാശ്യാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക.

മൂക്കും വായും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിക്കുക. മാസ്‌ക് താഴ്ത്തി സംസാരിക്കാതിരിക്കുക. സാധ്യമായ രീതിയില്‍ പരമാവധി സാമൂഹ്യ അകലം പാലിക്കുക. ഇടയ്ക്കിടെ കൈകള്‍ അണുവിമുക്തമാക്കുക.

പനി, ചുമ, ജലദോഷം, തലവേദന പോലുളള രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം വരാതെ മാറി താമസിക്കുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്യുക. ഗര്‍ഭിണികള്‍ ഉണ്ടെങ്കില്‍ പരിശോധന നടത്തി ആവശ്യമായ മരുന്നുകള്‍ കഴിക്കുക.

കുട്ടികളുടെ പ്രതിരോധ കുത്തിവെയ്പ്പുകള്‍ മുടക്കാതിരിക്കുക.

ജീവിതശൈലീ രോഗങ്ങള്‍ക്കുളള മുരുന്നുകളും മറ്റ് അസുഖങ്ങള്‍ക്ക് പതിവായി കഴിക്കുന്ന മരുന്നുകളും തുടരുക.

ദുരിദാശ്വാസ ക്യാമ്പുകളില്‍ വളര്‍ത്തു മൃഗങ്ങളെ മാറ്റി താമസിപ്പിക്കുക.

സുരക്ഷിതമല്ലാത്ത മേഖലയില്‍ താമസിക്കുന്നവര്‍ നിര്‍ദ്ദേശം കിട്ടിയ ഉടന്‍ ക്യാമ്പില്‍ പോവാന്‍ തയ്യാറാവുക.

മരുന്നുകള്‍, ചികിത്സാ രേഖകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുക.

എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുക.

date