Skip to main content

ജലജീവന്‍ മിഷന്‍: ജില്ലയില്‍ സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കലക്ടര്‍

ജലജീവന്‍ മിഷന്റെ ഭാഗമായുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍. ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജലശുചിത്വ മിഷന്‍ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശുദ്ധജല വിതരണ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പലയിടത്തും സ്വകാര്യ ഉടമകളുടെ ഭൂമി ആവശ്യമാണ്.
അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കണം. അതിനായി വിശദമായ യോഗം ചേരണം. മഴക്കാലത്തിന് ശേഷമാണ് പ്രവൃത്തിക്ക് അനുമതി നല്‍കുന്നതെങ്കിലും മറ്റ് നടപടികള്‍ അതിന് മുമ്പ് ചെയ്യണം. ജലജീവന്‍ മിഷന്‍ പദ്ധതി ആരംഭിച്ചതിന് ശേഷം ജില്ലയില്‍ 1.16 ലക്ഷം പുതിയ കണക്ഷന്‍ നല്‍കിയെന്നും കലക്ടര്‍ പറഞ്ഞു.
ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പിലെ പുരോഗതിയും തടസങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു. ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ട് ഏജന്‍സികളുടെ ക്ലെയിമുകള്‍ക്കുള്ള അംഗീകാരവും നല്‍കി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് വാട്ടര്‍ സാനിറ്റേഷന്‍ ഏജന്‍സി ആര്‍ പി ഡി, കെ വി മുകുന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, എന്‍ എച്ച് എ ഐ ഡി എം ജസ്പ്രീത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ഇ എന്‍ സതീഷ് ബാബു, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ സുധീപ് തുടങ്ങിയവര്‍ സംബന്ധിച്ചു

date