ജില്ലാ ശിശുക്ഷേമ സമിതി സ്‌പോണ്‍സറിംഗ് ചൈല്‍ഡ് പദ്ധതി നടപ്പാക്കും.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവപ്പെടുന്ന കുട്ടികളെ സ്‌പോണ്‍സറിംഗിലൂടെ ഏറ്റെടുക്കുന്ന പദ്ധതി ജില്ലാ ശിശു ക്ഷേമ സമിതി വഴി നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ശിശു ക്ഷേമ സമിതിയുടെ വാര്‍ഷിക പൊതു യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. സാമ്പത്തിക പ്രയാസം നേരിടുന്നതിനാല്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഏകദേശം 500 പേരെയെങ്കിലും കണ്ടെത്തി അവര്‍ക്കാവശ്യമായ പഠന സൗകര്യങ്ങളും വസ്ത്രം,മറ്റ് ചെലവുകള്‍ എന്നിവ നല്‍കുന്നതിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതാണ് പദ്ധതി. ഇതിനായി പ്രത്യേക തെരഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ക്കും സമിതി അംഗങ്ങള്‍ക്കും ജില്ലാ തലത്തില്‍ പ്രത്യേക പരിശീലനം നല്‍കും. പരിപാടിയുടെ പ്രചരണത്തിനായി മൂന്ന് മിനുറ്റ് നീളുന്ന ഡോക്യുമെന്ററി തയ്യാറാക്കും.
അനാഥരായി വിവിധ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മികച്ച രക്ഷിതാക്കളെ കണ്ടെത്തി നല്‍കുന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതിയും നടപ്പാക്കും. തണല്‍ പദ്ധതിയിലൂടെ പ്രശ്‌നക്കാരായ കുട്ടികളെ കണ്ടെത്തി ആവശ്യമായ ചികില്‍സയും നല്‍കുന്ന പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കും. പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് അവധി ദിവസങ്ങളില്‍ പരീശീലനം നല്‍കുന്ന പദ്ധതിയും നടപ്പിലാക്കും. ജില്ലയിലെ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ബാല വിവാഹത്തിനെതിരെ പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കും. സാഹിത്യ തല്‍പ്പരരായ കുട്ടികളെ പങ്കെടുപ്പിച്ച് മൂന്ന് ദിവസത്തെ ക്യാമ്പ് നടത്തും. ആദിവാസി കുട്ടികള്‍ക്കായി അഞ്ച് മേഖലകളിലായി സഹവാസ ക്യാമ്പ് നടത്തും. ഇതിനു പുറമെ നാടകോല്‍സവവും സംഘടിപ്പിക്കും. സമിതിയുടെ 2017-18 വര്‍ഷത്തെ വരവ് ചെലവ് കണക്ക് യോഗം അംഗീകരിച്ചു.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ സമിതി സെക്രട്ടറി സി.വിജയകുമാര്‍,ട്രഷറര്‍ വി.ആര്‍. യശ്പാല്‍, വൈസ് പ്രസിഡന്റ് കെ.എന്‍.പ്രസന്നന്‍,ജോയിന്റ് സെക്രട്ടറി സി.വാസുദേവന്‍, പി.ആര്‍.ഒ.സി.ഭാസ്‌കരന്‍, സി.ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments