Skip to main content

ശാസ്ത്രകൗതുകങ്ങളുമായി ഐ.എസ്.ആര്‍.ഒ പ്രദര്‍ശനം താനൂരില്‍

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര ബോധവും അഭിരുചിയും വളര്‍ത്താന്‍ ലക്ഷ്യമിട്ട് താനൂര്‍ നിറമരുതൂരില്‍ ' സിഫാരി' എന്ന പേരില്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. വി അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ ' എന്റെ താനൂര്‍' പദ്ധതിയുടെ ഭാഗമായാണ് ഐ.എസ്.ആര്‍.ഒയുമായി സഹകരിച്ച്  ആഗസ്ത് രണ്ട് മുതല്‍ അഞ്ച് വരെ നിറമരുതൂര്‍ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രദര്‍ശനം ഒരുക്കുന്നത്. പരിപാടിയോടനുബന്ധിച്ച് തൃശൂര്‍ ഫോറസ്റ്റ് റിസര്‍ച്ച് വിംഗ്, കോഴിക്കോട് പ്ലാനറ്റോറിയം എന്നിവയുമായി സഹകരിച്ച് വിവിധ പ്രദര്‍ശനങ്ങളും ഒരുക്കും. ഇതിന് പുറമെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള മത്സരങ്ങള്‍, ബഹിരാകാശ ശാസ്ത്രജ്ഞരുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംവാദങ്ങള്‍, സെമിനാറുകള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയുമുണ്ടാകുമെന്ന് വി അബ്ദുറഹ്മാന്‍ എം.എല്‍.എ അറിയിച്ചു. പ്രദര്‍ശന സംഘാടനത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രദര്‍ശനം കാണാന്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകും. നിയമസഭാ സ്പീക്കര്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ശാസ്ത്രമേഖലയിലുള്ളവര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമാകും.  

 

date