Skip to main content

ആര്യങ്കോട് ഇനി തരിശിടങ്ങളില്ല

 

ആര്യങ്കോട് ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ തരിശ് നിര്‍മാര്‍ജന പദ്ധതിയായ തളിരിന് തുടക്കമായി. കോവിലുവിള ഏലയില്‍ നടന്ന നടീല്‍ ഉത്സവം സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കോവിലുവിള, കീഴാറൂര്‍, ചിലമ്പറ, ആര്യങ്കോട്, വലിയറകോണം, മൈലച്ചല്‍ എന്നിവിടങ്ങളില്‍ 2.5 ഏക്കറില്‍ നെല്‍കൃഷി ആരംഭിച്ചു. 

നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലൂടെയും കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളിലൂടെയും 58,000 രൂപ ധനസഹായമായി ലഭിക്കും. ആര്യങ്കോട് ഗ്രാമപഞ്ചായത്തില്‍ 12.5 ഏക്കര്‍ പച്ചക്കറി കൃഷിയും അഞ്ച് ഏക്കര്‍ കരനെല്‍ കൃഷിയും നടക്കുന്നുണ്ട്.  

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഡോ. ഗീതാരാജശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അരുണ്‍ സി.പി., ജോയിസ് എസ്. പഞ്ചായത്തംഗങ്ങള്‍  കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.വിനയചന്ദ്രന്‍, കൃഷി ഓഫീസര്‍ എസ്.ശശികുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കൃഷിക്കാര്‍ക്ക് കറിവേപ്പില തൈകളും ഇതിനോടനുബന്ധിച്ച് വിതരണം ചെയ്തു.

ചിത്രവിവരണം:ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കോവിലുവിള ഏലയില്‍ നടന്ന നടീല്‍ ഉത്സവം സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.
(പി.ആര്‍.പി. 1924/2018)

date