കെ.എ.എസ് പരീക്ഷയ്ക്ക് പി.എസ്.സി സജ്ജം- ചെയര്‍മാന്‍
കേരള അഡ്മിനിസട്രേറ്റീവ് സര്‍വീസ് നിയമനത്തിനുള്ള പരീക്ഷകളുടെ നടത്തിപ്പിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സജ്ജമാണെന്ന് പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ.സക്കീര്‍. കോഴിക്കോട് ജില്ലാ, മേഖല ഓഫീസുകളില്‍ ഇ ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ.സ് നിയമനത്തിന് കാലതാമസം കൂടാതെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത തസ്തികകളില്‍ കേരളീയരായ കൂടുതല്‍ വിദ്യാസമ്പന്നര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കെ.എ.എസ് സഹായകമാകും. പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം കൂടുതല്‍ തസ്തികകളില്‍ ആറുമാസത്തിനകം നടപ്പിലാക്കും. 40,000 ഉദ്യോഗാര്‍ ത്ഥികള്‍ക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കും. മികച്ച കമ്പ്യൂട്ടര്‍ ലാബ് സംവിധാനമുള്ള എഞ്ചിനീയറിംഗ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രം ഒരുക്കും. 14 ജില്ലകളിലും സ്വന്തം സ്ഥലത്ത് ഓഫീസില്‍ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സജ്ജമാക്കും. ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, സിവില്‍ പോലീസ് ഓഫീസര്‍ പോലുള്ള കൂടുതല്‍ അപേക്ഷകരുള്ള തസ്തികകള്‍ ഒഴികെ 70 ശതമാനം തസ്തികകളിലും ഓണ്‍ലൈന്‍ പരീക്ഷ നടത്തും.ഇ ഓഫീസ് സംവിധാനം പിഎസ് സിയുടെ സുതാര്യവും ശക്തവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിന് വേഗത കൂട്ടും.
ആദിവാസി ഊരുകളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നടത്താനുള്ള തീരുമാനം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ അവസരം ഉറപ്പുവരുത്താനാണ്. വിവരണാത്മക പരീക്ഷയില്‍ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കമ്മീഷനംഗം ഡോ. പി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കമ്മീഷനംഗം പി.എച്ച്.മുഹമ്മദ് ഇസ്മയില്‍, എന്‍ ഐ സി ജില്ലാ ഓഫീസര്‍ മേഴ്‌സി സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി എ രവീന്ദ്രന്‍ നായര്‍, ഡപ്യൂട്ടി സെക്രട്ടറി കെ പ്രശാന്ത് കുമാര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍. മനോജ് എന്നിവര്‍ സംസാരിച്ചു. മേഖലാ ഓഫീസര്‍ കെ വി ഗംഗാധരന്‍ സ്വാഗതവും ജില്ലാ ഓഫീസര്‍ ടി ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.
- Log in to post comments