ദേശീയപാതാ വികസനം: ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലേക്ക്
ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ജില്ലയില്‍ അവസാന ഘട്ടത്തിലേക്ക്. തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ അന്തിമവിജ്ഞാപനം (3 ഡി വിജ്ഞാപനം) ഈ ആഴ്ചയോടെയും പൊന്നാനി താലൂക്കിലെ വിജ്ഞാപനം ഈ മാസം അവസാനത്തോടെയും പുറത്തിറക്കും. ഇതിന് മുന്നോടിയായുള്ള കണക്കെടുപ്പുകളും അനുബന്ധ ജോലികളും അന്തിമഘട്ടത്തിലാണ്. തിരൂരങ്ങാടി താലൂക്കിലെ കണക്കെടുപ്പും അനുബന്ധ ജോലികളും ഇന്നലെയോടെ പൂര്‍ത്തിയായിട്ടുണ്ട്. തിരൂര്‍ താലൂക്കിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട അന്തിമവിജ്ഞാപനം കഴിഞ്ഞ മാസം 26 ന് പുറത്തിറക്കിയിരുന്നു. ഗസറ്റില്‍ പരസ്യപ്പെടുത്തുന്ന നടപടിയാണ് ഇവിടെ അടുത്തതായി നടക്കുക. 1851 പേരുടെ ഭൂമിയാണ് തിരൂരില്‍ ഏറ്റെടുക്കുന്നത്.
രാത്രി വൈകിയും അവധി ദിനങ്ങളിലും അധിക ജോലി ചെയ്ത് യുദ്ധകാലാടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. കോട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമെടുപ്പ് ഓഫിസിലെ ജീവനക്കാര്‍ അവധി ദിവസമായ ഇന്നലെയും ജോലിക്കെത്തിയിരുന്നു.
ജില്ലയില്‍ ആകെ 74 കിലോമീറ്റര്‍ ദൂരമാണ് ദേശീയപാതയ്ക്കായി ഏറ്റെടുക്കാനുള്ളത്. 3 ഡി വിജ്ഞാപനമിറങ്ങിയതിന് ശേഷം ഭൂവുടമകളെ വിളിച്ചു വരുത്തി കൂടിക്കാഴ്ച നടത്തും. ശേഷം നഷ്ടപരിഹാരം നിശ്ചയിക്കും. പിന്നീട് ഗസറ്റിലും പ്രാദേശിക പത്രങ്ങളിലും പരസ്യപ്പെടുത്തി വില നല്‍കുന്നതോടെ സര്‍ക്കാര്‍ ഭൂമിയായി മാറും.
ജില്ലാ കളക്ടര്‍ അമിത് മീണ, അസിസ്റ്റന്റ് കളക്ടര്‍ വികല്‍പ് ഭരദ്വാജ് തുടങ്ങിയവര്‍ ഇന്നലെ കോട്ടയ്ക്കലിലെ ദേശീയപാതാ ഓഫീസ് സന്ദര്‍ശിച്ചു. അവധി ദിനത്തിലും കര്‍മനിരതരായ ജീവനക്കാരെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.
- Log in to post comments