Skip to main content

പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് പദ്ധതി;  അവലോകന യോഗം ചേര്‍ന്നു

 

* ആറ്റിങ്ങല്‍, സമ്പൂര്‍ണ പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് പദ്ധതി 
  നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ പാര്‍ലമെന്റ് മണ്ഡലമാകും

* പതിനൊന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അടുത്ത മാസം അരുവിക്കരയില്‍ 
  മുഖ്യമന്ത്രി ആംബുലന്‍സ് വിതരണം ചെയ്യും

സമ്പൂര്‍ണ പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലോക്‌സഭാ മണ്ഡലമായി ആറ്റിങ്ങല്‍ മാറുമെന്ന് ഡോ. എ. സമ്പത്ത് എം.പി. അറിയിച്ചു.  പതിനൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടി അടുത്തമാസം അരുവിക്കരയില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാലിയേറ്റീവ് കെയര്‍ സംവിധാനമുള്ള ആംബുലന്‍സ് വിതരണം ചെയ്യുന്നതോടുകൂടിയാണ് അഭിമാനകരമായ ഈ നേട്ടം ആറ്റിങ്ങല്‍ ലോക്‌സഭാമണ്ഡലം കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ പാലിയേറ്റീവ് ആംബുലന്‍സുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ആംബുലന്‍സ് ലഭിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം മികച്ച രീതിയില്‍ അവ പ്രവര്‍ത്തിക്കുന്നതായി യോഗം വിലയിരുത്തി.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ്. ബിജു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1927/2018)

date