എറണാകുളം അറിയിപ്പുകള്‍1
കലാപാഠം നൃത്തശാലയ്ക്ക് തുടക്കമായി
കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ''കലാപാഠം'' നൃത്തശില്പശാലയ്ക്ക് എറണാകുളം ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ.സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സംഗീത നാടക അക്കാദമി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.മധു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശ്രീലക്ഷ്മി ഗോവര്‍ദ്ധന്‍, അശ്വതി ശ്രീകാന്ത്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഭാവി കേരളത്തിന്റെ സാംസ്‌കാരിക സമീക്ഷയെ തന്നെ പരിവര്‍ത്തനത്തിന് വിധേയമാക്കുന്ന ഒരു പദ്ധതിയായാണ് ''കലാപാഠം വിഭാവനം ചെയ്തിട്ടുളളത്. യുവജനോത്സവത്തിലെ നൃത്തയിനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ കലാരൂപങ്ങളുടെ ശാസ്ത്രീയാടിത്തറയെയും, ലാവണ്യ സൂക്ഷ്മതയെയും സംബന്ധിച്ച ശരിയായ അറിവ് പകര്‍ത്തുന്നതിനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. നൃത്താദ്ധ്യാപകരായ അശ്വതി ശ്രീകാന്ത് ഭരതനാട്യത്തിലും, ശ്രീലക്ഷ്മി ഗോവര്‍ദ്ധന്‍ കുച്ചിപ്പുടിയിലും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. മോഹിനിയാട്ടത്തില്‍ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയും, കേരള നടനത്തില്‍ ഡോ.ഗായത്രി സുബ്രഹ്മണ്യവുമാണ് അദ്ധ്യാപകര്‍. ഭരതനാട്യത്തില്‍ നൂറ്റിപതിനഞ്ചും, കുച്ചിപ്പുടിയില്‍ നാല്‍പത്തിയാറും കുട്ടികളാണ് ക്ലാസുകളില്‍ പങ്കെടുത്തത്.
സൗജന്യ പരിശീലനം
കോതമംഗലം: സായുധസേനയിലും അര്‍ദ്ധസൈനിക വിഭാഗത്തിലും ചേരാന്‍ ആഗ്രഹിക്കുന്ന 18നും 25നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്എസ്എല്‍സിയോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള യുവതി യുവാക്കള്‍ക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മുഖേന സൗജന്യ പരിശീലനം നല്‍കുന്നു. രണ്ടുമാസക്കാലം കോഴിക്കോട് റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററില്‍ താമസിച്ചുള്ള പരിശീലനം ആയിരിക്കും .പരിശീലന ജോലികള്‍ക്ക് ആവശ്യമായ ശാരീരിക യോഗ്യത നിര്‍ബന്ധം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 27-നകം യോഗ്യത, വരുമാനം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍:8547630095
ഹോമിയോ ഡിസ്‌പെന്‍സറി പ്രവര്‍ത്തനമാരംഭിച്ചു.
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ പുതുതായി പണികഴിപ്പിച്ച ഹോമിയോ ഡിസ്‌പെന്‍സറി പ്രവര്‍ത്തനമാരംഭിച്ചു. കോതമംഗലം എംഎല്‍എ ആന്റണി ജോണാണ് ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തത്. മുന്‍ എംഎല്‍എ ടി യു കുരുവിള മുഖ്യാതിഥിയായിരുന്നു മുന്‍ എംഎല്‍എ ടി യു കുരുവിള അനുവദിച്ചിരുന്ന 10 ലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.
പഞ്ചായത്തിലെ നിരവധി പേര്‍ ആശ്രയിച്ച് വരുന്ന ഡിസ്‌പെന്‍സറി ആയിരുന്നു ഇത് . ദീര്‍ഘനാളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്‌പെന്‍സറി സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതോടുകൂടി അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുകയാണ്.
.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി , കെഎം അബ്ദുല്‍ കരീം, കെ ആര്‍ വിനയന്‍, സഹീര്‍ കോട്ടപ്പറമ്പില്‍, പിഎ ഷിഹാബ്, സത്താര്‍ വട്ടക്കുടി, താഹിറ സുധീര്‍, ഫൗസിയ ഷിയാസ്, മൃദുല ജനാര്‍ദ്ദനന്‍, പി.എം. ഷമീര്‍, അലി പടിഞ്ഞാറച്ചാലില്‍, ഡി.എം ഒ ഡോ.റീന ജീമോള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments