Skip to main content

ഒരു വേപ്പും കറിവേപ്പും ഗൃഹചൈതന്യം പദ്ധതി ജില്ലയിലെ മുഴുവന്‍ വീടുകളിലേക്കും

ആരോഗ്യ പൂര്‍ണമായ പരിസ്ഥിതി ആരോഗ്യമുള്ള ജനത എന്ന സന്ദേശവുമായി സംസ്ഥാനത്തിന്റെ തനത് ഔഷധസസ്യ സമ്പത്ത് പരിപോഷിക്കുന്നതിന് ജില്ലയില്‍ ഗൃഹചൈതന്യം പദ്ധതി വ്യാപിപ്പിക്കും. സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതിയുമായി സഹകരിച്ചാണ് ഗ്രാമപഞ്ചായത്തുകളെ ഔഷധസസ്യ ഗ്രാമമാക്കുന്നതിന് ലക്ഷിമിട്ട് പദ്ധതി നടപ്പാക്കുന്നത്. ഒരു വീട്ടില്‍ ഒരു കറിവേപ്പും വേപ്പുമാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍  ജില്ലയിലെ 36 പഞ്ചായത്തുകളില്‍ തൈ വിതരണം നടത്തും. അടുത്ത വര്‍ഷം ഗൃഹചൈതന്യം പദ്ധതി ജില്ലയിലെ മുഴുവന്‍ വീടുകളിലേക്കും വ്യാപിപ്പിക്കും. 
നാട്ടുവൈദ്യം വേരറ്റ് പോകുന്ന കാലത്ത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളെ തിരിച്ചു പിടിക്കാന്‍ ശ്രമമുണ്ടാകണമെന്ന് പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഗൃഹചൈതന്യം പദ്ധതി ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. വിപണിയില്‍ നിന്ന് വാങ്ങുന്ന പല പച്ചക്കറികളും ഔഷധങ്ങളും വിഷമയമാണെന്ന് അറിഞ്ഞ് തന്നെ കഴിക്കേണ്ട അവസ്ഥയാണ്. ഇത് മാറണമെങ്കില്‍ വീടുകളില്‍  ഔഷധ സസ്യ തോട്ടങ്ങള്‍ തിരിച്ചു വരണം. ഓരോ വീട്ടിലും അത്യാവശ്യം വേണ്ടവ ഉള്‍പ്പെടുത്തി തോട്ടങ്ങള്‍       ഉണ്ടാവണം. ഇതിന് അറിവല്ല തിരിച്ചറിവാണെന്ന് ആവശ്യമെന്നും പ്രാവര്‍ത്തികമാക്കാന്‍ യോജിച്ച സമയമാണിതെന്നും പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് എക്‌സിക്യുട്ടിവ് അംഗം കെ.വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. 
പദ്ധതിയില്‍ തൈകള്‍ ഉദ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഗുണമേ•യുള്ള വിത്തുകള്‍ ബോര്‍ഡ് നല്‍കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സന്നദ്ധ പ്രവര്‍ത്തകന്‍ വൈസ് ചെയര്‍മാനുമായാണ് പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കുക. പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറും അസി സെക്രട്ടറി ജോയിന്റ് കണ്‍വീനറും കൃഷി ഓഫീസര്‍ ചീഫ് കോര്‍ഡിനേറ്ററുമാകും. 2017 നവംബറിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തുകളിലെ നഴ്സറികളില്‍ ഉദ്പാദിപ്പിക്കുന്ന ആര്യവേപ്പിന്റെയും കറിവേപ്പിന്റെയും തൈകള്‍ അടുത്ത കേരളപ്പിറവി ദിനത്തില്‍ വീടുകളില്‍ വിതരണം ചെയ്യും.
ചടങ്ങില്‍ സംസ്ഥാന ഔഷധ സസ്യബോര്‍ഡ് അംഗം സനല്‍കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ഡി.ഡി സുരേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) ഡോ.ശ്രീകുമാര്‍ നമ്പൂതിരി, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പി.എം സൂര്യ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, കൃഷി ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.              

date