Skip to main content

അപകടത്തില്‍ പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

പൊന്നാനിയില്‍ തോണി മറിഞ്ഞ് അപകടത്തില്‍പ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റസ്‌ക്യൂ പ്രവര്‍ത്തകര്‍ രക്ഷിച്ചു. മത്സ്യത്തൊഴിലാളികളായ  കുട്ടാത്ത് അബ്ദുള്ളക്കുട്ടി, പുത്തന്‍പുരയില്‍ ശിഹാബ്, ഹനീഫ എന്നിവരാണ് അപകടത്തില്‍ പെട്ടത്. പൊന്നാനി അഴിമുഖത്തിന് പടിഞ്ഞാറ് ഭാഗത്തായി രാവിലെ ഏഴ് മണിയോടെ ഇവര്‍ സഞ്ചരിച്ച ഫൈബര്‍ വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.
കടലിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളാണ്  റസ്‌ക്യൂ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ കടലില്‍ താഴ്ന്നു പോകാതെ പിടിച്ചുനില്‍ക്കാനായി.  അപകടത്തില്‍പ്പെട്ടവരെ ഫിഷറീസ് റസ്‌ക്യൂ ബോട്ടില്‍  പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചു.  അപകടത്തില്‍ തോണിയും വലയും എഞ്ചിനും നഷ്ടപ്പെട്ടു.
പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ജയനാരായണന്‍, അസി. ഡയറക്ടര്‍ ബി എസ് രാജു ആനന്ദ് എന്നിവരുടെ  നേതൃത്വത്തില്‍  പെറ്റിയാര്‍ഡ് ഓഫീസര്‍ സി. ബാബുരാജ് സീ റസ്‌ക്യൂ ഗാര്‍ഡുമാരായ  കെ.സലീം, എ പി ജാഫറലി, എം പി അന്‍സാര്‍ ബോട്ടുജീവനക്കാരായ  ഇബ്രാഹിം, നാസര്‍, ശിഹാബ് എന്നിവരാണ്  രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓര്‍മിപ്പിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യണം. 1355 രൂപ വിലക്ക് ഏറ്റവും മികച്ച ലൈഫ് ജാക്കറ്റുകള്‍ മത്സ്യഫെഡ് വഴി ലഭിക്കുമെന്നും ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

date