Skip to main content

മഴക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ക്കായി  190 കോടിയുടെ എസ്റ്റിമേറ്റ്

 

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന ജില്ലയിലെ റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് 190 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതായി പൊതുമരാമത്  വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 342 റോഡുകളുടെ നവീകരണത്തിനുള്ള പ്രവര്‍ത്തനങ്ങളാണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. 1200 കിലോ മീറ്റര്‍ നീളത്തില്‍ റോഡു പുനരുദ്ധാരണം നടത്തുന്നതിന് 32.50 കോടി രൂപ അടിയന്തിരമായി ആവശ്യപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയില്‍ വലുതും ചെറുതുമായ നിരവധി കുഴികളാണ് റോഡുകളിലുണ്ടായിട്ടുള്ളത്. സംരക്ഷണ ഭിത്തികള്‍ക്ക് ബലക്കുറവ് സംഭവിച്ചിട്ടുണ്ട്. നിരവധിയിടങ്ങളില്‍ റോഡുകള്‍ ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. ദിവസങ്ങളോളം വെള്ളം കെട്ടി നിന്നിരുന്ന റോഡുകളിലൂടെ ഹെവി വാഹനങ്ങള്‍ സഞ്ചരിക്കുന്നത് റോഡുകളുടെ ബലക്ഷയത്തിന് ആക്കം കൂട്ടുന്നതിനാല്‍ നിര്‍മ്മാണത്തിന് കൂടുതല്‍ ചെലവ് വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടല്‍. മഴ തുടരുകയാണെങ്കില്‍ ചെലവ് ഇതിലും ഏറാനാണ് സാധ്യത. അപകടകരമായ രീതിയിലുള്ള കുഴികളടയ്ക്കുന്നതിനായി അഞ്ച് കോടി രൂപ  ജില്ലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ത്വരിത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും  മഴയ്ക്ക് ശമനമുണ്ടാകുന്ന മുറയ്‌ക്കേ  പണി ആരംഭിക്കാനാകുയെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

                                                   (കെ.ഐ.ഒ.പി.ആര്‍-1580/18)

date