ഔവര്‍ റെസ്പോണ്സിബിലിറ്റി റ്റു ചില്‍ഡ്രന്‍: ആക്ഷന്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു
കാക്കനാട്: വനിത ശിശു വികസന വകുപ്പിനുകീഴില്‍ നടപ്പാക്കുന്ന ഔവര്‍ റെസ്പോണ്സിബിലിറ്റി റ്റു ചില്‍ഡ്രന്‍ പദ്ധതിയുടെ ജില്ലാതല ആക്ഷന്‍ ഗ്രൂപ്പ് യോഗം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. പദ്ധതിയില്‍ കഴിഞ്ഞ അധ്യയനവര്‍ഷം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളില്‍ സഹരക്ഷാകര്‍തൃത്വം ആവശ്യമായ കുട്ടികള്‍ക്ക് മെന്റര്‍മാരെ കണ്ടെത്തി പിന്തുണ ഉറപ്പാക്കുന്നതിന് തെരഞ്ഞെടുത്ത സ്കൂളുകളില്‍ അഞ്ചു മെന്റര്‍മാരെ വീതം സ്കൂളിന്റെ പങ്കാളിത്തത്തോടെ കണ്ടെത്തുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തി. ഒ.ആര്.സി. വിദ്യാര്‍ത്ഥിയെ അറിയാന്‍ കാര്‍ഡുകളിലൂടെ സ്വഭാവ, വൈകാരിക, മാനസിക പ്രശ്നങ്ങള്‍ കണ്ടെത്തിയ കുട്ടികള്‍ക്ക് കൗണ്‍സലിങ്, ഇടപെടല്‍, തുടര്‍പ്രവര്‍ത്തനം തുടങ്ങിയവ ലഭ്യമാക്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടത്തി. സ്മാര്‍ട്ട് 40 ക്യാമ്പ് നടത്താത്ത സ്കൂളുകളില്‍ ക്യാമ്പ് നടത്താനും തീരുമാനിച്ചു. ജില്ലയിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഒ.ആര്.സി. പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രോജക്ട് അസിസ്റ്റന്റ് ദിവ്യ നിക്സണ് അവതരിപ്പിച്ചു. കോ-ഓര്‍ഡിനേറ്റര്‍ എ.കെ.ഹഫ്സീന, സൈക്കോളജിസ്റ്റ് കെ.വി.രചന, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments