Skip to main content

കാലാവസ്ഥാവ്യതിയാനം, ദുരന്തനിവാരണം : പഞ്ചായത്തുകൾക്ക് ഏകദിന പരിശീലനം 

 

 

കോട്ടയം : കാലാവസ്ഥാവ്യതിയാനം ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട് കോട്ടയം, പത്തനംതിട്ട , ആലപ്പുഴ ഇടുക്കി ജില്ലകളിലെ ഗ്രാമ പഞ്ചായത്തുകളുടെ അധ്യക്ഷന്മാർ, സെക്രട്ടറിമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻമാർ എന്നിവർക്ക് ഡിസംബർ ആറിന് ഏകദിന പരിശീലനം നൽകും. കോട്ടയം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ നടക്കുന്ന പരിശീലനത്തിൽ  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ 249 ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 750 പേർ പങ്കെടുക്കും. കില ഡയക്ടർ ഡോ. ജോയ് ഇളമൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. കിലയിൽ നിന്നുള്ള വിദഗ്ധർ ക്ലാസുകൾ നയിക്കും.

  കാലാവസ്ഥാവ്യതിയാനം ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതി- പദ്ധതിയിതര പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈകാര്യശേഷി വികസനമാണ് പരിശീലനലക്ഷ്യം. കാലാവസ്ഥ വ്യതിയാനവും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ ഏറ്റെടുക്കാൻ വേണ്ടി ലോക ബാങ്ക് സഹായത്തോടെ കേരള പുനർനിർമ്മാണ സെക്രട്ടറിയേറ്റുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത അഞ്ചുവർഷത്തെ കാലയളവിൽ ഇടുക്കി, പത്തനംതിട്ട , കോട്ടയം, ആലപ്പുഴ എന്നീ പമ്പാ നദീ തട ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കാലാവസ്ഥാ വ്യതിയാന നിയന്ത്രണ പ്രവർത്തനങ്ങളും ദുരന്തസാധ്യത ലഘൂകരണവും നടത്തുകവഴി പൊതുജനങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അതിജീവനക്ഷമത വർധിപ്പിക്കലാണ് ലക്ഷ്യമിടുന്നത്.  2018ലെ മഹാപ്രളയം വലിയതോതിൽ നാശനഷ്ടങ്ങൾ വരുത്തിയ ജില്ലകളാണ് പദ്ധതിയിൽ കേന്ദ്രീകരിക്കുന്നത്.  പ്രളയശേഷം ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനും  ജീവനോപാധികൾ പുന:സൃഷ്ടിക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക്  സഹായകരമായിരിക്കും പദ്ധതി. 

(കെ.ഐ.ഒ.പി.ആർ 301 8/2022)

date