Skip to main content

ന്യൂ ഇന്ത്യലിറ്ററസി പ്രോഗ്രാം ക്ലാസ് ഉദ്ഘാടനവും പഠനോപകരണ വിതരണവും ഡിസംബര്‍ ഏഴിന്

സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രവിഷ്‌കൃത സാക്ഷരതാ പദ്ധതി- ന്യൂ ഇന്ത്യലിറ്ററസി പ്രോഗ്രാമിന്റെ ക്ലാസ് ഉദ്ഘാടനവും പഠനോപകരണ വിതരണവും 2022 ഡിസംബര്‍ ഏഴിന് രാവിലെ 9.30 ന് കരുളായി പഞ്ചായത്തിലെ മാഞ്ചീരി പട്ടിക വര്‍ഗ കോളനിയില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം അധ്യക്ഷനാവും. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ എ.ജി ഒലീന പഠനോപകരണ വിതരണം ചെയ്യും. വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിയില്‍ സംബന്ധിക്കും. കേരളത്തിലെ 14 ജില്ലകളിലും നടപ്പിലാക്കുന്ന എന്‍ഐഎല്‍പി (ന്യൂ ഇന്ത്യലിറ്ററസി പ്രോഗ്രം) പദ്ധതിയില്‍ സംസ്ഥാനത്തൊട്ടാകെ 85,000 നിരക്ഷരരെ സാക്ഷരരാക്കുവാനാണ് ലക്ഷ്യമാക്കുന്നത്.
ജില്ലയില്‍ 8000 പേരെ സാക്ഷരരാക്കുവാനാണ് ലക്ഷ്യമാക്കുന്നത്. സാക്ഷരതാ ക്ലാസുകള്‍ക്കൊപ്പം വിവിധ ബോധവത്ക്കരണ ക്ലാസുകളും പരിശീലനങ്ങളും പദ്ധതി ലക്ഷ്യമാക്കുന്നു.  സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷം തുടങ്ങിയ സാമൂഹ്യവിഭാഗങ്ങള്‍ക്ക് പരിഗണന നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്‍ഐഎല്‍പി പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായി ജില്ലാതല സംഘാടകസമിതിയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ അധ്യക്ഷരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതികളും രൂപീകരിച്ചിട്ടുണ്ട്. സാക്ഷരതാമിഷന്‍ പ്രേര്ക്മാന്‍ പദ്ധതി ഏകോപിപ്പിക്കുകയും സംഘാടനം നിര്‍വഹിക്കുകയും ചെയ്യും. പദ്ധതിക്കായി പ്രത്യേക ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് രൂപികരിച്ച് ത്രിദിന പരിശീലനം നല്‍കി.  ഡിആര്‍ജിയുടെ നേതൃത്വത്തില്‍ 800 സന്നദ്ധ അധ്യാപകര്‍ക്ക് പ്രാദേശിക പരിശീലന ക്ലാസുകള്‍ പൂര്‍ത്തിയായി.
പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സര്‍വേയിലൂടെയാണ് പഠിതാക്കളെ കണ്ടെത്തിയത്. എല്ലാ  തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും എന്‍ഐഎല്‍പി സാക്ഷരതാ ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു. ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനവും പഠനോപകരണ വിതരണവും ആദിവാസി വിഭാഗമായ ചോലനായ്ക്കര്‍ അധിവസിക്കുന്ന കരുളായി മാഞ്ചീരി പട്ടികവര്‍ഗ കോളനിയിലാണ്.

date