Skip to main content

സമാരവം': ഭിന്നശേഷി വാരാചരണവുമായി പൊന്നാനി നഗരസഭ

ഭിന്നശേഷി വാരാചരണം വിവിധ പരിപാടികളോടെ  പൊന്നാനി നഗരസഭയില്‍ ആചരിക്കുന്നു. ഡിസംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ വിവിധ പരിപാടികളോടെ 'സമാരവം' എന്ന പേരിലാണ് വാരാചരണം. പൊന്നാനി നഗരസഭാ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ആചരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി  ബഡ്‌സ് സ്‌കൂളില്‍ സ്‌പെഷ്യല്‍ അയല്‍ക്കൂട്ട രൂപീകരണം നടത്തി. തുടര്‍ന്ന് ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ഭിന്നശേഷി പരിചരണം സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു.

വാരാചരണങ്ങളുടെ ഭാഗമായി ഡിസംബര്‍ ആറിന് ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ പൊതു വിദ്യാലയ സന്ദര്‍ശനം നടത്തും. പൊന്നാനി ഏ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സന്ദര്‍ശനം. ഡിസംബര്‍ ഏഴിന് അരികെ എന്ന പേരില്‍ മാറഞ്ചേരി സ്‌പെക്ട്രം ഭിന്നശേഷി സ്‌കൂളിലും സന്ദര്‍ശനം നടത്തും.  എട്ടിന് ബഡ്‌സ് ഡേ ദിനത്തില്‍ ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷിക്കാരുടെ കായിക ഇനങ്ങള്‍ സംഘടിപ്പിക്കും. ഈശ്വരമംഗലം ന്യൂയുപി സ്‌കൂളിലാണ് പരിപാടി സംഘടിപ്പിക്കുക. സമാപന ദിനമായ ഒന്‍പതിന് ഉയരെ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. നിളയോര ടൂറിസ കേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോട്ട് യാത്ര സംഘടിപ്പിക്കും. തുടര്‍ന്ന് ബലൂണ്‍ പറത്തല്‍ വിവിധ കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.

പൊന്നാനി നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഭിന്നശേഷി പരിചരണ പരിശീലന പരിപാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം  സമിതി ചെയര്‍മാന്‍ രജീഷ്  ഊപ്പാല അധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മഞ്ചു ക്ലാസെടുത്തു.  സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ എം.ആബിദ, ഷീനാസുദേശന്‍, കൗണ്‍സിലര്‍ ഷാഫി, ബഡ്‌സ് അധ്യാപിക ജസീല, പി.ടി.എ ഭാരവാഹി റഷീദ് മര്‍വ, സി.ഡി.എം.സി ഫിസിയോ തെറാപ്പിസ്റ്റ് സജീര്‍ പി.ടി, അങ്കണവാടി വര്‍ക്കേഴ്‌സ് പ്രതിനിധി ഷൈമ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date