Skip to main content

തിരൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഘോഷയാത്രയോടെ സമാപനം

 

 

യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരൂർ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച 'കേരളോത്സവം 2022' ന് ഘോഷയാത്രയോടെ സമാപനം. യുവജനകാര്യ വകുപ്പും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവത്തിൻ്റെ സമാപന പരിപാടികളുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരൻ അതുൽ നറുകര നിർവഹിച്ചു. തുടർന്ന് കേരളോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു. സൈനുദ്ധീൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ആശാവർക്കർമാർ, ഹരിത കർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

തിരൂർ ബ്ലോക്കിന് കീഴിലെ തലക്കാട്, തിരുനാവായ, വെട്ടം, തൃപ്രങ്ങോട്, പുറത്തൂർ, മംഗലം പഞ്ചായത്തുകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഫ്ലോട്ടുകളുമായാണ് ഘോഷയാത്രയിൽ അണിനിരന്നത്. പഞ്ചായത്തുകളിലെ ക്ലബുകളുൾപ്പടെ മറ്റുരച്ച കലാ-കായിക മത്സരത്തിൽ 481 പോയൻ്റുകളുമായി പുറത്തൂർ ഗ്രാമ പഞ്ചായത്ത് ചാമ്പ്യന്മാരായി. 365 പോയൻ്റ് നേടിയ തലക്കാട് ഗ്രാമ പഞ്ചായത്താണ് റണ്ണർ അപ്പ്. മികച്ച ഫ്ലോട്ടിനുള്ള 5000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും വെട്ടം ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി. തലക്കാട് ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. ക്ലബുകളിൽ സൗഹൃദം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് നായർതോട് - പുറത്തൂർ, തൃപ്രങ്ങോട് യുവത എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

 

ഡിസംബർ ഒന്ന് മുതൽ നാല് വരെ വിവിധയിടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ബാഡ്മിൻ്റൺ, വോളിബാൾ, ചെസ്, ക്രിക്കറ്റ്, കബഡി, കളരിപ്പയറ്റ്, ഫുട്ബാൾ, വടംവലി, പഞ്ചഗുസ്തി തുടങ്ങിയ കായിക ഇനങ്ങളും കവിതാ രചന, കഥാരചന, ചിത്രരചന തുടങ്ങി വിവിധ സ്റ്റേജിതര മത്സരങ്ങളും ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, ഒപ്പന, മാപ്പിപ്പാട്ട് തുടങ്ങിയ സ്റ്റേജിനങ്ങളുമാണ് അരങ്ങേറിയത്.

date