Skip to main content
ജില്ലാ ശിശുവികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഓറഞ്ച് ദ വേൾഡ് കാമ്പയിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പെൻസിൽ ഡ്രോയിംഗ് മത്സരം

കുഞ്ഞു വരകളില്‍ വേറിട്ട ഭാവങ്ങള്‍:  നവ്യാനുഭവമായി ചിത്രരചനാ മത്സരം 

 

സ്ത്രീ ശാക്തീകരണത്തിന്റെയും അതിജീവനത്തിന്റെയും വേറിട്ട ഭാവങ്ങള്‍ വരകളിലൂടെ അവതരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍. ജില്ലാ വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന ജില്ലാതല പെന്‍സില്‍ ഡ്രോയിംഗ് മത്സരമാണ് വരകളിലൂടെ നവ്യാനുഭവം തീര്‍ത്തത്. 'സ്ത്രീകളും കുട്ടികളും സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ഐസിഡിഎസ് തലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് ഭാഗമായത്. 

സ്വയം പ്രതിരോധത്തിന്റെ ആവശ്യകതയും സമൂഹത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് ലഭിക്കേണ്ട പിന്തുണയും വരയിലൂടെ അവതരിപ്പിച്ച ഒല്ലൂര്‍ വിഎസ്എംഎംജിവിഎച്ച്എസ്എസിലെ എഎന്‍ നിരഞ്ജന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏതൊക്കെ മാര്‍ഗങ്ങളിലൂടെ സ്ത്രീ 
ശാക്തീകരണം സാധ്യമാക്കാം എന്ന ആശയം അമ്മാടം സെന്റ്.ആന്റണി എച്ച്എസ്എസിലെ സിഎസ് ശ്രീതുവിന് രണ്ടാം സ്ഥാനവും 
എടവിലങ്ങ് ജിഎച്ച്എസ്എസിലെ ശ്രേയ കെ സുരേഷിന് മൂന്നാം സ്ഥാനവും നേടികൊടുത്തു. പൊതുഇടങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും 
സുരക്ഷ, വിവിധ മേഖലകളിലുള്ള സ്ത്രീ പ്രാതിനിധ്യം തുടങ്ങി വേറിട്ട പല ആശയങ്ങളും വരകളായി. കുഞ്ഞു കൈകളില്‍ വേറിട്ട അനുഭവങ്ങള്‍ വരകളിലൂടെ തെളിയുമ്പോഴും സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം അത്രമേല്‍ വര്‍ണ്ണങ്ങള്‍ നിറഞ്ഞതാണോ എന്ന ചിന്തയും ഓരോ ചിത്രങ്ങളും മുന്നോട്ടു വെയ്ക്കുന്നു. ചിത്രകാരി പ്രതീക്ഷ സുബിന്‍, കലക്ട്രേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് പി സിന്ധു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് നേതൃത്വം നല്‍കുന്നതാണ് ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍. ഐക്യരാഷ്ട്രസഭയുടെ 'ഓറഞ്ച് ദ വേള്‍ഡ്' തീം അടിസ്ഥാനമാക്കിയാണ് വനിത ശിശുവികസന വകുപ്പ് പരിപാടികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 16 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ജില്ലയില്‍ നടന്നു വരുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന അന്താരാഷ്ട്ര ദിനമായ നവംബര്‍ 25 ന് ആരംഭിച്ച് മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 വരെ നീണ്ടു നില്‍ക്കുന്നതാണ് ക്യാമ്പയിന്‍. 

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ല വനിത ശിശു വികസന ഓഫീസര്‍ പി മീര, വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ് ലേഖ, വകുപ്പ് ജീവനക്കാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

date