ജയിൽ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച സംസ്ഥാന തല സെമിനാർ സമാപിച്ചു
ജയിൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച സംസ്ഥാന തല സെമിനാർ സമാപിച്ചു. രണ്ടുദിവസങ്ങളിലായി 6 സെഷനുകളിലായാണ് സെമിനാർ നടന്നത്. മുളങ്കുന്നത്തുകാവ് കിലയിൽ നടന്ന സെമിനാറിൽ സംസ്ഥാനത്തെ 54 ജയിലുകളിൽ നിന്നുള്ള 187 ഉദ്യോഗസ്ഥർ പങ്കെടുത്തു.
കറക്ഷണൽ അഡ്മിനിസ്ട്രേഷൻ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ തടവുകാരുടെ പുനരധിവാസം, ജയിൽ ജീവനക്കാരിലെ ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം നേരിടൽ, ലിംഗ സമത്വം, തടവുകാരുടെ മാനസികാരോഗ്യം, ജയിലുകളിലെ ടെക്നോളജി തുടങ്ങിയ മേഖലകളിൽ അവതരണം നടന്നു. കറക്ഷണൽ അഡ്മിനിസ്ട്രേഷൻ, സൈക്കോളജി, ടെക്നോളജി തുടങ്ങിയ മേഖലകളിലെ വിദഗ്ദർ ക്ലാസ്സ് എടുത്തു.
സംസ്ഥാനത്തെ ജയിലുകളിൽ നടപ്പാക്കുന്ന പരിഷ്കരണങ്ങളെപ്പറ്റി ഉദ്യോഗസ്ഥരിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു സെമിനാറിന്റെ ലക്ഷ്യം. സംസ്ഥാനതലത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരുടെ അഭിപ്രായങ്ങൾ അറിയുന്നതിനും അവരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുമുള്ള വേദിയായും ഇത് മാറി. സമാപനത്തോട് അനുബന്ധിച്ച് നടന്ന തുറന്ന ചർച്ചയും വിലയിരുത്തലും ശ്രദ്ധേയമായി. ജീവനക്കാർ തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ചു.
- Log in to post comments