Skip to main content

ജില്ലയില്‍ യെല്ലോ ലൈന്‍ പദ്ധതി വേഗത്തില്‍ നടപ്പാക്കാന്‍ നിര്‍ദേശം

 പുകയില നിയന്ത്രണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പാക്കിവരുന്ന യെല്ലോ ലൈന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍  ജില്ലാ പുകയില നിയന്ത്രണ സമിതി തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.  പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുകയില രഹിതമാക്കി  മാറ്റുന്നതിനുമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് യെല്ലോ ലൈന്‍. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവ് അളന്ന് തിട്ടപ്പെടുത്തി മഞ്ഞ വര വരയ്ക്കും.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ്  മാപ്പ് തയാറാക്കി മഞ്ഞ ലൈന്‍ വരയ്ക്കേണ്ടത്.   100 വാര ചുറ്റളവിനുള്ളില്‍ ലഹരിവസ്തുക്കള്‍ കൊടുക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്താല്‍  പോലീസിനെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കുക എന്നതാണ് മഞ്ഞ വര അടയാളപ്പെടുത്തുന്നതിന്റെ ലക്ഷ്യം. ഫെബ്രുവരി രണ്ടിന് ചേരുന്ന പുകയില നിയന്ത്രണ സമിതി യോഗം യെല്ലോ ലൈന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തും.
യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) ഡോ. എം.സി റജില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മര്‍ജ, ജില്ലാ ലേബര്‍ ഓഫീസര്‍ കെ.ജയപ്രകാശ് നാരായണന്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. ജിജി പോള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ ഐ.ആര്‍ പ്രസാദ്, ആരോഗ്യ വകുപ്പിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് സി.കെ സുരേഷ് കുമാര്‍, നഗരസഭാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date