തൃത്താല, കുഴല്‍മന്ദം എം.ആര്.എസുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം
പട്ടികജാതി-പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള തൃത്താല, കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്ക് അഞ്ചാം ക്ലാസ് പ്രവേശനത്തിന് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2023-24 അധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ലാസിലേക്ക് പ്രവേശന യോഗ്യത ഉള്ളവരായിരിക്കണം. വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപ. തൃത്താല എം.ആര്.എസില്‍ പെണ്‍കുട്ടികള്‍ക്കും (മലയാളം മീഡിയം) കുഴല്‍മന്ദം എം.ആര്.എസില്‍ ആണ്‍കുട്ടികള്‍ക്കുമാണ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനം. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളും 2022-23 ല്‍ നാലാം തരത്തില്‍ പഠിച്ചിരുന്നു എന്ന് കാണിക്കുന്ന സ്കൂള്‍ ഹെഡ്മാസ്റ്റര്/ഹെഡ്മിസ്ട്രസിന്റെ സാക്ഷ്യപത്രവും നല്‍കണം.
അപേക്ഷകള്‍ ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമീപത്തുള്ള പട്ടികജാതി വികസന ഓഫീസിലോ എത്തിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപൂര്‍ണവും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. ആകെയുള്ള സീറ്റില്‍ 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗക്കാര്‍ക്ക് ലഭിക്കും. അപേക്ഷ ഫോമുകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസ്, അടുത്തുള്ള പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 9495227083, 9497355338.
- Log in to post comments