Skip to main content

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാതല ജല ശുചിത്വ മിഷന്‍ യോഗം തീരുമാനിച്ചു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 3 സ്ഥലങ്ങളിലായി 240 സെന്റ് സര്‍ക്കാര്‍ ഭൂമിയും 26 സ്ഥലങ്ങളിലായി 993 സെന്റ് സ്വകാര്യ ഭൂമിയുമാണ് ഇനിയും ആവശ്യമുള്ളത്. ഇത് ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തും. 2024 ഓടെ എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുടിവെള്ള പദ്ധതികള്‍ക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ വൈകരുതെന്ന് സബ്കളക്ടര്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. പ്രവൃത്തികള്‍ നടക്കുന്നയിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാറുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെന്ന കാര്യം ബന്ധപ്പെട്ട  ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് സബ് കളക്ടര്‍ നിര്‍ദ്ദേശിച്ചു. പൈപ്പ് ലൈന്‍ പ്രവൃത്തിക്കായി റോഡ് കീറാനുള്ള അനുമതി പൊതുമരാമത്ത് വകുപ്പില്‍ നിന്നും വൈകുന്നതായും നിയമപ്രശ്‌നങ്ങളില്ലാത്തയിടങ്ങളില്‍ എത്രയും പെട്ടെന്ന് തന്നെ നടപടിക്രമങ്ങള്‍ പാലിച്ച് അനുമതി നല്‍കണമെന്നും സബ് കളക്ടര്‍ ആവശ്യപ്പെട്ടു.  യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) ടി. മുരളി, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date