Skip to main content
ഫോട്ടോ-  ലഹരി വിരുദ്ധ സന്ദേശവുമായി എക്‌സൈസ് വകുപ്പ് ഒരുക്കിയ 'ലഹരിക്കെതിരെ ഒരു ആരോ '

സംസ്ഥാനതല തദ്ദേശദിനാഘോഷം: പ്രദര്‍ശന-വിപണന മേളയില്‍ ശ്രദ്ധാ കേന്ദ്രങ്ങളായി കൈമാറ്റച്ചന്തയും ലഹരിക്കെതിരെ അമ്പെയ്ത്തും

സംസ്ഥാന തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി ചാലിശ്ശേരി മുല്ലയംപറമ്പില്‍ തദ്ദേശസ്വയംഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്ത പ്രദര്‍ശന - വിപണന മേളയില്‍ കൈമാറ്റച്ചന്തയും 'ലഹരിക്കെതിരെ ഒരു ആരോ ' യും ശ്രദ്ധാകേന്ദ്രങ്ങളായി മാറുന്നു. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കൈമാറ്റച്ചന്ത ഒരുക്കിയിട്ടുള്ളത്. പഴയതും ഉപയോഗ യോഗ്യവുമായ എന്തു സാധനവും ഇവിടെ കൊണ്ടു വന്നാല്‍ ഇവിടെയുള്ളവയില്‍ നിന്ന് ആവശ്യമുള്ള സാധനങ്ങള്‍ മാറ്റിയെടുക്കാം. ഉപയോഗമില്ലാത്ത വസ്തുക്കള്‍ മാലിന്യമായി മാറുന്ന സാഹചര്യം കുറയ്ക്കുകയെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ലഹരി വിരുദ്ധ സന്ദേശവുമായി എക്‌സൈസ് വകുപ്പ് ഒരുക്കിയ സ്റ്റാളും ഏവരെയും ആകര്‍ഷിക്കുന്നു. ഇവിടെ തയ്യാറാക്കിയ 'ലഹരിക്കെതിരെ ഒരു ആരോ ' ആണ് കുട്ടികളടക്കമുള്ള വരെ ആകര്‍ഷിക്കുന്നത്. ആരോ കൃത്യമായി ലക്ഷ്യത്തില്‍ എറിഞ്ഞു കൊള്ളിക്കുന്നവര്‍ക്ക് സമ്മാനവുമുണ്ട്. തൊട്ടപ്പുറത്തുള്ള ലഹരി വിരുദ്ധ മരവും ശ്രദ്ധാകേന്ദ്രമാണ്. മംഗലാപുരം ഗ്രാമപ്പഞ്ചായത്ത് ഒരുക്കിയിട്ടുള്ളത് ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികള്‍ തയ്യാറാക്കിയ ഉല്പന്നങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്ത് പറയുന്നത് സോളാര്‍ വൈദ്യുത ഉല്പാദന രംഗത്തെ വിജയ കഥയാണ്. 66 സ്റ്റോളുകളില്‍ 24 എണ്ണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബശ്രീ ഉല്പന്നങ്ങളുടെ സ്റ്റാളുകളാണ്. ഗോത്ര വിഭാഗങ്ങളുടെ ഉല്പന്നങ്ങളുമായി പറമ്പിക്കുളം, പെരുമാട്ടി, അട്ടപ്പാടി ഗ്രാമപ്പഞ്ചായത്തുകളുമുണ്ട്. പറമ്പിക്കുളത്തു നിന്ന് മുളയുല്പന്നങ്ങളും പെരുമാട്ടിയില്‍ നിന്ന് ചകിരിയുല്പന്നങ്ങളും അട്ടപ്പാടിയില്‍ നിന്ന് ചെറുധാന്യങ്ങളും തേനുമാണ് പ്രദര്‍ശന മേളയിലെത്തിച്ചിട്ടുള്ളത്.
 

date