Skip to main content
logo

സംസ്ഥാനതല തദ്ദേശദിനാഘോഷം ഇന്ന് മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും

സംസ്ഥാനതല തദ്ദേശദിനാഘോഷം ഇന്ന് (ഫെബ്രുവരി 18 ) രാവിലെ 10 ന്  തൃത്താല ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷനാവുന്ന പരിപാടിയില്‍  വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി മുഖ്യാതിഥിയാവും. എം.പിമാരായ വി.കെ.ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ഇ.ടി മുഹമ്മദ് ബഷീര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. എം.എല്‍.എമാരായ പി. മമ്മിക്കുട്ടി, പി.പി സുമോദ്, മുഹമ്മദ് മുഹ്‌സിന്‍, കെ. പ്രേംകുമാര്‍, കെ. ശാന്തകുമാരി, എന്‍. ഷംസുദ്ധീന്‍, എ. പ്രഭാകരന്‍, ഷാഫി പറമ്പില്‍, കെ. ബാബു, കെ.ഡി പ്രസേനന്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് ജില്ലാ കലക്ടര്‍, ഡോ. എസ്. ചിത്ര, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം ഗോപി പാലഞ്ചീരി ഏകോപനം നിര്‍വഹിച്ച 'നോ ടു ഡ്രഗ്‌സ്' എന്ന ദൃശ്യാവിഷ്‌കാരം അവതരിപ്പിക്കും. തുടര്‍ന്ന് 'സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പാക്കല്‍' എന്ന വിഷയത്തില്‍ നടക്കുന്ന പൊതു സെഷന്‍ റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷനാവും.

 തുടര്‍ന്ന്  വേദി ഒന്നില്‍ ഉച്ചയ്ക്ക് രണ്ടിന് 'അതി ദരിദ്രര്‍ക്കായുള്ള മൈക്രോ പ്ലാന്‍ നിര്‍വഹണവും മോണിറ്ററിങ്ങും - പ്രായോഗിക നടപടികള്‍' വൈകീട്ട് മൂന്നിന്  'ശുചിത്വ കേരളം - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമകള്‍' എന്നീ വിഷയങ്ങളിലും വേദി രണ്ടില്‍ ഉച്ചയ്ക്ക് രണ്ടിന് 'പ്രാദേശിക സാമ്പത്തിക വികസനം - തൊഴിലാസൂത്രണവും സംരംഭങ്ങളും' എന്ന വിഷയത്തിലും സെമിനാര്‍ നടക്കും.

വൈകിട്ട് നാലിന് അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുരളി മേനോന്റെ സിത്താര്‍ വാദനം അഞ്ചിന് ചവിട്ടുകളി എന്നിവ അരങ്ങേറും. മുല്ലയംപറമ്പ് മൈതാനിയില്‍ വൈകിട്ട് ആറിന് വയലി ബാംബൂ മ്യൂസിക്കും എട്ടിന് സിതാര കൃഷ്ണകുമാറിന്റെയും സംഘത്തിന്റെയും പ്രൊജക്ട് മലബാറിക്കസ് മ്യൂസിക് ഷോയും അരങ്ങേറും.

മുല്ലയംപറമ്പ് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന - വിപണന - ഭക്ഷ്യ - പുഷ്പമേള രാവിലെ 10 മുതല്‍ രാത്രി 9 വരെ ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യമാണ്. വെള്ളിയാങ്കല്ലില്‍ ഡി ടി പി സിയുടെ കയാക്കിങ് ഫെസ്റ്റും ഇന്ന് (ഫെബ്രുവരി 18 ) ആരംഭിയ്ക്കും

date